തൃക്കരിപ്പൂർ: ജൈവഭൂമി നാച്വറൽ ഫാർമേഴ്സ് സൊസൈറ്റി, പയ്യന്നൂർ കോളേജ് എൻ.എസ്.എസ്.11 യൂനിറ്റിന്റെ സഹകരണത്തോടെ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വിത്തുത്സവത്തിന് ഇന്ന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തു മണി മുതൽ കൂലേരി ഗവ. എൽ.പി.സ്കൂളിൽ ആരംഭിക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടരക്ക് കർഷക സംഗമം. മൂന്നു മണിക്ക് ജൈവകൃഷി അനുഭവപാഠങ്ങൾ, 4 മണിക്ക് വിത്തു കൈമാറ്റം, നാലരക്ക് ജൈവവളക്കൂട്ട് നിർമ്മാണ പരിശീലനം, തുടർന്ന് തളുപാട്ട്, നാടൻപാട്ട് എന്നീ കലാപരിപാടികളും അരങ്ങേറും. നാളെ രാവിലെ 10 മുതൽ വിത്തു പ്രദർശനവും ഭക്ഷ്യമേളയും ആരംഭിക്കും. വൈകീട്ട് 4 മണിക്ക് വിത്തുപാട്ടും തുടി പാട്ടും തുടർന്ന് കോതാമൂരിയാട്ടം എന്നീ കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ എൻ. സുകുമാരൻ, വി.പി. രാജൻ, ഡോ. രതീഷ് നാരായണൻ, ആനന്ദ് പേക്കടം എന്നിവർ പങ്കെടുത്തു.