കാഞ്ഞങ്ങാട്: വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കണിവെള്ളരി നൂറുമേനി വിളവെടുത്തതിന്റെ ആഹ്ലാദത്തിലാണ് പുല്ലൂർ പെരിയ മുത്തനടുക്കത്തെ മണികണ്ഠൻ. ഒന്നര ദശാബ്ദത്തോളമായി കാർഷികവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള മണികണ്ഠന് വെള്ളരികൃഷി ജീവവായുവാണ്. വീടിനോട് ചേർന്ന ഒരേക്കർ പാടത്താണ് രണ്ട് മാസം മുമ്പ് കൃഷിയിറക്കിയത്. കഴിഞ്ഞ സീസണിൽ അമ്പതു ക്വിന്റലോളം ലഭിച്ചിരുന്നു. ഇത്തവണ 75 ക്വിന്റൽ കിട്ടുമെന്നാണ് മണികണ്ഠൻ പറയുന്നത്. വീട്ടിലുള്ള രണ്ടു പശുവിന്റെ ചാണകം മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. പുലർച്ചെ ഒന്നരയോടെ തന്നെ കൃഷിക്ക് വെള്ളമൊഴിക്കാൻ ഇറങ്ങും. സഹായത്തിന് ഭാര്യ ശ്യാമളയും മക്കളായ അനഘയും അർജ്ജുനും ഉണ്ട്. വിപണി പ്രശ്‌നമാകുന്നില്ലെന്ന് പറയുന്നു. കഴിഞ്ഞ വർഷം 20 രൂപ വരെ ലഭിച്ചിരുന്നു. സമൂഹ്യമാദ്ധ്യമങ്ങൾ വഴിയും ആവശ്യക്കാർ എത്തുന്നുണ്ട്.