crime

തലശ്ശേരി: കാമുകനോടൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടലിൽ എറിഞ്ഞു കൊന്നുവെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി വീണ്ടും നിരസിച്ചു. പൊക്കിൾക്കൊടി ബന്ധം മറന്ന പൈശാചികതയെ, ജയിൽ മോചിതയാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാവുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ (22) യുടെ ജാമ്യഹർജി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എം. തുഷാർ തള്ളിയത്.

ശരണ്യ കസ്റ്റഡിയിൽ തന്നെ വിചാരണ നേരിടണമെന്നും ജാമ്യത്തിൽ വിട്ടയച്ചാൽ കേസ് നടപടികളെ ബാധിക്കുമെന്നുമായിരുന്നു അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. രാമചന്ദ്രൻ കോടതിയെ ബോധിപ്പിച്ചത്. 2020 ഫെബ്രുവരി 17നായിരുന്നു ഒന്നര വയസുകാരൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കാണപ്പെട്ടത്. ഭർത്താവ് പ്രണവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ ശ്വാസം മുട്ടിച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ യുവതിയുടെ കാമുകൻ നിധിൻ നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു.