സ്ഥാപനം കൈമാറിയില്ലെങ്കിൽ കേന്ദ്ര വ്യവസായ സെക്രട്ടറി നേരിട്ട് ഹാജരാകണം
കാസർകോട് : കാസർകോട് ഭെൽ ഇ .എം.എൽ കമ്പനിയുടെ ഓഹരി കൈമാറ്റം പൂർത്തിയാക്കണമെന്ന വിധി പുന:പരിശോധിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി. ഓഹരി കൈമാറ്റം പൂർത്തിയാക്കി വിധി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂൺ ഒന്നിന് കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഓഹരി കൈമാറ്റത്തിനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വർഷങ്ങൾക്ക് മുൻപ് ചർച്ച ചെയ്ത് തീരുമാനിച്ചെങ്കിലും നടപ്പാക്കാത്ത സാഹചര്യത്തിൽ ഭെൽ ഇ.എം.എൽ ജീവനക്കാരനും എസ്. ടി. യു ജനറൽ സെക്രട്ടറിയുമായ കെ.പി.മുഹമ്മദ് അഷ്റഫ് അഡ്വ.പി.ഇ.സജൽ മുഖേന നൽകിയ ഹരജിയിൽ 2020 ഒക്ടോബർ 13 ന് ജസ്റ്റിസ് എൻ.നഗരേഷാണ് മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിട്ടത്. വിധി നടപ്പാക്കാത്ത സാഹചര്യത്തിൽ ഹരജിക്കാരൻ നൽകിയ കോടതി അലക്ഷ്യ ഹരജിയിലാണ് പുതിയ ഉത്തരവ്.ഇതിനിടയിൽ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് വേണ്ടി വ്യവസായ വകുപ്പ് സെക്രട്ടറി നൽകിയ ഹരജി ഹൈക്കോടതി തള്ളുകയും ചെയ്തു.
അവസാനിക്കുമോ ഉരുണ്ടുകളി
2011 മാർച്ച് 28നാണ് കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിന് (കെൽ) നവരത്‌ന കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (ഭെൽ) ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്ത് എട്ട് വർഷമായിട്ടും സ്ഥാപനത്തിന് കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാനായില്ല. ഫണ്ട് അനുവദിക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനോ തയ്യാറാകാതെ സ്ഥാപനത്തെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് ഭെൽ ചെയ്തത്. തുടർന്ന് 2017 ജൂണിലാണ് ഓഹരികൾ പിരിഞ്ഞ് കമ്പനികൾ വേർപെടുത്താൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. അന്തർദേശിയ തലത്തിൽ കെല്ലിലെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മാർക്കറ്റുണ്ടായതിനെ തുടർന്നാണ് 2011 മാർച്ച് 28ന് കാസർകോട് യൂണിറ്റിനെ ഭെൽ ഇ.എം.എൽ സംയുക്ത സംരംഭമാക്കിയത്. ഭെല്ലിന് 51 ശതമാനം ഓഹരികളും കേരള സർക്കാറിന് 49 ശതമാനം ഓഹരികളുമാണ് ഉണ്ടായിരുന്നത്. എന്നാൽ സംയുക്ത സംരംഭത്തിൽ നിന്ന് ഭെൽ പിന്മാറാനും ഓഹരികൾ വിൽക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് ഓഹരികൾ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.എന്നാൽ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടും കേന്ദ്രം കൈമാറ്റം നീട്ടികൊണ്ടുപോകുകയായിരുന്നു.
അനിശ്ചിതകാല സത്യാഗ്രഹം ആറാംദിനത്തിലേക്ക്
ഭെൽ ഇ.എം.എൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം അഞ്ച് ദിവസം പിന്നിട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.മണി മോഹൻ ഉദ്ഘാടനം ചെയ്തു. ടി.അബ്ദുൾ മുനീർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.സാബു സ്വാഗതം പറഞ്ഞു. എസ്. ടി. യു സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, ആർ.ഗംഗാധരൻ, എം.പി ഹംസക്കോയ, എ വാസുദേവൻ, പ്രദീപൻ പനയൻ, ടി.വി, ബേബി പ്രസംഗിച്ചു.