cpz-ana1

ചെറുപുഴ: കൃഷിയിടത്തിലിറങ്ങുന്ന ആനകളെ തുരത്താൻ ജൈവ മരുന്നുമായി കർഷക കൂട്ടായ്‌മ. രാജഗിരി നവജീവൻ കർഷക സംഘമാണ് പുത്തൻ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുമായി മുന്നേറുന്നത്. കുര്യാച്ചൻ തെരുവൻകുന്നേൽ എന്ന കർഷകന്റെ നേതൃത്വത്തിലാണ് കാട്ടുമൃഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പരീക്ഷണങ്ങൾ നടക്കുന്നത്. കുരങ്ങ് ശല്യം രൂക്ഷമായപ്പോൾ കുരങ്ങിനെ തടയുവാൻ കണ്ടുപിടിച്ച ജൈവ മരുന്ന് വിജയകരമായതോടെയാണ് ഇവർ കൃഷിയിടത്തിലിറങ്ങുന്ന ആനകളെ തുരത്താൻ മാർഗ്ഗം ആലോചിച്ചത്. ഒരു വർഷത്തിലധികമായി ഇതിന്റെ ചർച്ചകളും ആലോചനകളും പഠനങ്ങളും തുടങ്ങിയിട്ട്.

നവജീവൻ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ രാജഗിരിയിലെ തോമസ് വടക്കന്റെ കൃഷിയിടത്തിൽ കൃഷികൾക്ക് സ്‌പ്രേ ചെയ്യുന്ന ജൈവ മരുന്നാണ് നിർമ്മിച്ചത്. ആനകൾ എത്താൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ ചെടികളിലും പുല്ലിലും ഈ മരുന്ന് തളിച്ചാൽ ഇവ തിന്നില്ലെന്നതാണ് പ്രത്യേകത. ചാണകം, ആനയുടെ വിസർജ്യം, ആട്ടിൻ ‌കാഷ്‌ടം, ഗോമൂത്രം, ആട്ടിൻ മൂത്രം, അറവ് ചെയ്‌ത മൃഗങ്ങളുടെ പോട്ടി, വെല്ലം, കാട്ട് പുകയില, പേര് വെളിപ്പെടുത്താത്ത കുറച്ച് പച്ചിലകളും, മറ്റ് ചില പച്ചമരുന്ന് കൂട്ടുകളും ഉപയോഗിച്ചാണ് ആനകളെ തുരത്തുന്നതിനുള്ള ജൈവ മരുന്ന് നിർമ്മിക്കുന്നത്. ആയിരം ലിറ്റർ കൊള്ളുന്ന ജാറിൽ മുക്കാൽ ഭാഗത്തോളം ഈ കൂട്ടുകളും വെള്ളവും നിറയ്ക്കും. 21ദിവസങ്ങൾക്ക് ശേഷം ഇത് അരിച്ചെടുത്ത് ഇതിൽ അഞ്ചിരട്ടി വെള്ളം ചേർത്ത് കൃഷിയിടങ്ങളിൽ സ്‌പ്രേ ചെയ്യും. സസ്യഭുക്കായ ഒരു മൃഗവും ഇത് സ്‌പ്രേ ചെയ്‌ത ചെടികളോ പുല്ലുകളോ തിന്നില്ല. ഇതിന്റെ ഗന്ധമടിച്ചാൽ തന്നെ ആനകൾ വരില്ല. മനുഷ്യനേക്കാൾ 120 ഇരട്ടി ഘ്രാണ ശക്‌തിയുണ്ട് ആനയ്‌ക്ക്. മനുഷ്യർക്ക് അതിനാൽ തന്നെ ഇത് പ്രശ്‌നവുമല്ല. ഇതിന് ശേഷം കാട്ട് പന്നികൾക്കെതിരേയുള്ള ജൈവ മരുന്ന് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണിവർ.
ജൈവ മരുന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കുര്യാച്ചൻ തെരുവൻകുന്നേൽ, ജോയിസ് പൂക്കളം, ജോബിഷ് വടക്കൻ, വിൻസെന്റ് കാരക്കുന്നേൽ, ബിനു നെല്ലിക്കുന്നേൽ, ഷാജൻ അറാക്കൽ, തോമസ് വടക്കൻ, ബെന്നി കുറ്റ്യാത്ത്, ടോമി കാവാലം, സണ്ണി കായമ്മാക്കൽ എന്നിവർ നേതൃത്വം നൽകി. ചെറുപുഴ കൃഷി ഓഫീസർ എ. രജീന സന്നിഹിതരായിരുന്നു.