കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ ചിട്ടയായി കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിൽ താരമായത് 'പോൾ മാനേജർ' മൊബൈൽ ആപ്പ്. ഓരോ ബൂത്തിലും അനുനിമിഷം നടക്കുന്ന കാര്യങ്ങൾ ജില്ലാ തലത്തിലുള്ള കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് നിരീക്ഷിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പോൾ മാനേജർ ആപ്പ് ഏറെ സഹായകമായി.
പോളിംഗിന് തലേ ദിവസം പോളിംഗ് സംഘം വിതരണ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ടത് മുതൽ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ളവയുമായി സ്വീകരണ കേന്ദ്രത്തിൽ തിരിച്ചെത്തുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും പോൾ മാനേജറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. വിതരണ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട സമയം, ബൂത്തിൽ എത്തിയ സമയം, മോക്‌പോൾ, വോട്ടെടുപ്പ് തുടങ്ങിയത്, വോട്ടെടുപ്പ് അവസാനിച്ചത് തുടങ്ങി 21 ചോദ്യങ്ങൾക്കുള്ള ഉത്തരം ഫീഡ് ചെയ്യാനുള്ള സംവിധാനമാണ് പോൾ മാനേജർ ആപ്പിലുണ്ടായിരുന്നത്. ഓരോ ചോദ്യത്തിനും മറുപടി നൽകി മാത്രം അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയുന്ന രീതിയായിരുന്നു ഇതിൽ.
വോട്ടെടുപ്പിന്റെ വിശദാംശങ്ങൾ അപ്പപ്പോൾ അപ് ലോഡ് ചെയ്യാനും ക്രമീകരണമുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ഏഴു മണിക്ക് എത്ര പേർ ബൂത്തിൽ വരി നിൽക്കുന്നുവെന്നും, വോട്ടെടുപ്പ് പൂർത്തിയായ സമയവും, ആകെ പോൾ ചെയ്ത വോട്ടും ഇതിൽ അപ് ലോഡ് ചെയ്തത് ജില്ലാ തലത്തിലെ വിവരങ്ങൾ ക്രോഡീകരിക്കാൻ എളുപ്പമായി. പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആണ് ബൂത്തുകളിൽ നിന്ന് ഈ വിവരങ്ങൾ അപ് ലോഡ് ചെയ്തത്. ചീഫ് ഇലക്ടറൽ ഓഫീസർ, ജില്ലാ ഇലക്ഷൻ ഓഫീസർ, അസി. റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്ക് ലൈവായി ഇത് നിരീക്ഷിക്കാൻ കഴിയും വിധമായിരുന്നു സംവിധാനം.

അടിയന്തര ഇടപെടൽ
ബൂത്തുകളിൽ വോട്ടെടുപ്പ് തടസ്സപ്പെടാൻ ഇടയാക്കാവുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തര പരിഹാരത്തിനുള്ള സംവിധാനവും ആപ്പിലുണ്ടായിരുന്നു. ഇത് പോളിംഗ് തടസ്സപ്പെടാതെ കൊണ്ടുപോകാൻ ഏറെ സഹായകമായി. പോളിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതിയുടെ തൽസമയ വിവരങ്ങൾ അറിയാൻ ലൈവ് സംവിധാനവും ആപ്പിലുണ്ടായിരുന്നു.


പ്രചാരണ സാമഗ്രികൾ നീക്കണം

ജില്ലയിലെ മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും 12ന് മുമ്പായി നീക്കം ചെയ്ത് പുനചംക്രമണ ഏജൻസികളെ ഏൽപ്പിച്ച് രശീതി വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ അറിയിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു ദിവസത്തിനകം സ്ഥാനാർത്ഥികൾ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ സ്വന്തം ചെലവിൽ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.