കണ്ണൂർ:മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്ത് തൂങ്ങി മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരി ആവശ്യപ്പെട്ടു. മൻസൂറിന്റെ കൊലപാതകം ആസൂത്രിതമാണെന്നും സി.പി.എം-ഡി.വൈ.എഫ്.ഐ. ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിലാണ് സി.പി.എം.കേന്ദ്രം കൂടിയായ വളയത്ത് സി.പി.എം.പ്രവർത്തകനായ പ്രതി തൂങ്ങി മരിച്ചിരിക്കുന്നത്. ഉന്നതതല ഗൂഢാലോചന പുറത്ത് വരാതിരിക്കാനുള്ള മറ്റൊരു ആസൂത്രണത്തിന്റെ ഭാഗമാണോ ഈ ആത്മഹത്യയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ ഒട്ടേറെ സ്പോൺസേഡ് കൊലപാതകങ്ങളും ആത്മഹത്യകളും കണ്ട ജില്ലയാണ് കണ്ണൂർ. അതിനാൽ ഈ ദുരൂഹ ആത്മഹത്യയെ കുറിച്ച് അന്വേഷണം വേണമെന്ന് കരീം ചേലേരി പറഞ്ഞു.