
കാസർകോട്: തളങ്കര മാലിക്ദീനാർ മസ്ജിദിലെ ആൺകുതിര ഇനി ജബ്ബാറിന് സ്വന്തമാകും. മാലിക് ദീനാറിൽ കുതിരയെ ലേലത്തിന് വെച്ചപ്പോൾ ഹിദായത്ത് നഗർ മുട്ടത്തൊടിയിലെ ജബ്ബാർ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് തളങ്കര ദേശക്കാരുടെ പ്രിയപ്പെട്ട കുതിരയുടെ ലേലം.
ഹിദായത്ത് നഗറിലെ പ്രമുഖനായ കർഷകനാണ് ജബ്ബാർ. പശു, ആട്, കോഴി എന്നിവയെയും ഇദ്ദേഹം വളർത്തുന്നുണ്ട്. മാലിക് ദീനാർ പള്ളിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് കുതിരയെ സ്വന്തമാക്കിയതെന്ന് ജബ്ബാർ പറഞ്ഞു. കർണാടക തുംകൂർ സ്വദേശി മുഹമ്മദ് ശംസീറാണ് കുതിരയെ മാലിക്ദീനാർ പള്ളിക്ക് നേർച്ചയായി നൽകിയത്. ഇവിടേക്ക് സ്വർണം, വെള്ളി ആഭരണങ്ങൾ നേർച്ചയായി ലഭിക്കാറുണ്ടെങ്കിലും ആദ്യമായാണ് കുതിരയെ ലഭിച്ചത്. അതിനാൽ തന്നെ ഏറെ കൗതുകത്തോടെയാണ് പള്ളിയിലെത്തുന്നവർ കുതിരയെ നോക്കിക്കണ്ടത്. കഴിഞ്ഞ ആഴ്ച്ചയാണ് കുതിരയെ ലേലത്തിൽ വയ്ക്കുന്ന കാര്യം വിളംബരം ചെയ്തത്. കുതിരയുടെ ലേലംവിളി കാണാൻ നിരവധി പേരെത്തിയിരുന്നു. മാലിക്ദീനാർ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് യഹ്‌യ തളങ്കര, ജനറൽ സെക്രട്ടറി എ. അബ്ദുൽറഹ്മാൻ, ട്രഷറർ മുക്രി ഇബ്രാഹിം ഹാജി തുടങ്ങിയ ഭാരവാഹികളും സന്നിഹിതരായിരുന്നു.