കാസർകോട്: ഇടതുമുന്നണിയിലെ ധാരണക്ക് വിരുദ്ധമായി സി.പി.എമ്മും സി.പി.ഐയും പരസ്പരം മത്സരിച്ച സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് വിജയം. കുറ്റിക്കോൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസർകോട് റബ്ബർ ഫാർമേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് സി.പി.ഐ പാനൽ വിജയിച്ചത്. ഭരണ സമിതിയിലെ 11 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ പാനൽ മത്സരിച്ച എട്ട് സീറ്റിലും വിജയം നേടി.
സീറ്റ് ധാരണയിൽ എത്താൻ സാധിക്കാത്തതിനെ തുടർന്നാണ് സി.പി.ഐയും സി.പി.എമ്മും രണ്ട് പാനലുകളായി മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണിക്കെതിരെ യു.ഡി.എഫ് സംഘം തിരഞ്ഞെടുപ്പ് വലിയ വിഷയമാക്കിയിരുന്നു.11 അംഗ ഭരണസമിതിയിലേക്ക് നാമ നിർദേശ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ 11 സി.പി.എം സ്ഥാനാർത്ഥികളും, എട്ട് സി.പി.ഐ സ്ഥാനാർത്ഥികളുമാണ് മത്സര രംഗത്തുണ്ടായത്. സി.പി.ഐ ജില്ലാ കൗൺസിലംഗം പി. ഗോപാലനാണ് സംഘത്തിന്റെ നിലവിലെ പ്രസിഡന്റ്. 551 പേരാണ് ആകെ വോട്ട് ചെയ്തത്. പി. ഗോപാലൻ (316 വോട്ട്), ബേബി സി നായർ (299 വോട്ട്), ഔസേപ്പ് വർക്കി (289 വോട്ട്), സുധീഷ് കളക്കര (303 വോട്ട്), സരള (325 വോട്ട്), വി. ബാലൻ (310 വോട്ട്), ഉമ്മർ മാണിമൂല (295 വോട്ട്), ജയചന്ദ്രൻ കളക്കര (304 വോട്ട്) എന്നിവരാണ് സി.പി.ഐ പാനലിൽ നിന്ന് വിജയിച്ചത്. അരവിന്ദാക്ഷൻ (265 വോട്ട്), സതി (221 വോട്ട്), ശൈലജ (210 വോട്ട്) എന്നിവർ സി.പി.എം പാനലിൽ നിന്നും വിജയിച്ചു.