തലശേരി: യൂത്ത് ലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ (22)കൊല്ലപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും നീക്കം നടക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കവേ, മുഖ്യപ്രതിയടക്കം മൂന്ന് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും നേരിട്ടെത്തി എതിർപ്പ് കടുപ്പിച്ചതിന് പിന്നാലെ കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ഉത്തരമേഖലാ ഐ.ജി ഗോപേഷ് അഗർവാളിനാണ് അന്വേഷണച്ചുമതല. ഡിവൈ.എസ്.പി വിക്രമാണ് അന്വേഷണത്തലവൻ.ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഇസ്മയിലിനെ അന്വേഷണം ഏല്പിച്ചതിലായിരുന്നു എതിർപ്പ്.
പുല്ലൂക്കര സ്വദേശികളായ ഒതയോത്ത് അനീഷ് (35), നിള്ളയിൽ വീട്ടിൽ ശ്രീരാഗ് (25), നങ്ങാറത്ത് പീടികയിലെ അശ്വന്ത് (29)എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഒന്നാം പ്രതി ഷിനോസിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പ്രതിപ്പട്ടികയിൽ 26 പേരുണ്ട്. 12പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.ഇവരിൽ നാലുപേരെയാണ് ആദ്യ അന്വേഷണസംഘം പിടികൂടിയത്. രതീഷ്, സംഗീത്, സുഹൈൽ, സജീവൻ, ശശി, സുമേശ്, ജാബിർ, നാസർ എന്നിവരാണ് പിടിയിലാകാനുള്ളത്. കണ്ടാലറിയാവുന്ന 14പേർ ആയുധങ്ങളും ബോംബും സംഘടിപ്പിക്കാനും രക്ഷപ്പെടാനും സഹായിച്ചവരാണ്.
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്തും ഡി.വൈ.എഫ്.ഐ പാനൂർ മേഖലാ ട്രഷററുമായ സുഹൈലാണ് മുഖ്യ ആസൂത്രകനെന്നാണ് പൊലീസ് നൽകുന്ന സൂചന.ഇയാൾ അഞ്ചാം പ്രതിയാണ്.
സഹോദരൻ മൊഹ്സിനെ ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്നും സംഘർഷത്തിനിടയിലെ ബോംബേറിൽ മൻസൂർ കൊല്ലപ്പെട്ടതാണെന്നും എഫ്.ഐ.ആറിൽ പറയുന്നു. മൊഹ്സിനിൽ നിന്നും ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഇസ്മയിൽ ഇന്നലെ മൊഴിയെടുത്തു.
തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട രണ്ടാം പ്രതി പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷിന്റെ(35) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം വൈകിട്ടോടെ സംസ്കരിച്ചു.
`പ്രതി രതീഷിനെ തെളിവുകൾ നശിപ്പിക്കാൻ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്. തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസിലും രണ്ട് പ്രതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു'.
-കെ.സുധാകരൻ എം.പി
വിവാദമായി ഷിബു ബേബിജോണിന്റെ
ഫേസ് ബുക്ക് പോസ്റ്റ്
സി.പി.എം സമ്മർദ്ദത്തിലാകുന്ന ഏത് കൊലക്കേസ് എടുത്താലും ഒരു മുഖ്യപ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്നും ഇതെങ്ങനെ സംഭവിക്കുന്നുവെന്നുമുള്ള ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി. യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ, ഷുക്കൂർ, ഫസൽ തുടങ്ങിയ കേസുകളിലെ പ്രതികൾ ഇതുപോലെ ആത്മഹത്യ ചെയ്യപ്പെട്ടിട്ടുണ്ട്. ഒടുവിൽ മൻസൂർ വധക്കേസിലെ പ്രതി രതീഷിനെയും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടുവെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.