mela
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന മേളയിൽ നിന്ന്.

കണ്ണൂർ: വിവിധ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയുമായി വിഷുവിനെ വരവേൽക്കാനൊരുങ്ങി നഗരം. പൊലീസ് മൈതാനം, കളക്ടറേറ്റ് മൈതാനം, സ്റ്റേഡിയം കോർണ‌ർ, ടൗൺ സ്ക്വയർ എന്നിവിടങ്ങളെല്ലാം ചെറുതും വലുതുമായ മേളകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കേരള സർക്കാർ കൈത്തറി ആൻഡ് വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ, ഹാൻഡ്ലൂം ഡവലപ്‌മെന്റ് കമ്മിറ്റി, കണ്ണൂർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലെ കൈത്തറി വസ്ത്രപ്രദർശനമാണ് മേളകളിലെ താരം.

ജില്ലയിലെ വിവിധ കൈത്തറി സൊസൈറ്റികളുടെ ഉത്പന്നങ്ങൾ 20 ശതമാനം വരെ ഡിസ്കൗണ്ടോടെയാണ് ഇവിടെ വിൽക്കുന്നത്. കണ്ണൂർ കൈത്തറി ഉത്പന്നങ്ങളായ മുണ്ട്, സെറ്റ് സാരി, ചുരിദാർ മെറ്റീരിയൽ, വിവിധതരം ഫർണിഷിംഗ് തുണിത്തരങ്ങൾ, കോട്ടൺ ലിനൻ ഷർട്ട് പീസുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, പ്രിന്റഡ് ഷർട്ടുകൾ തുടങ്ങി വിപുലമായ കൈത്തറി ഉത്പന്നങ്ങളുടെ ശേഖരവുമായാണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് മേളകളൊന്നുമില്ലാതായത് കൈത്തറി സംഘങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അഞ്ചു കോടിയുടെ വിൽപ്പനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത് .

തൊട്ടരികിലായി നടക്കുന്ന പരമ്പരാഗത വ്യാവസായിക കാർഷിക വിപണന മേളയും ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്. വിവിധയിനം പൂച്ചെടികളും മറ്റ് തൈകളും വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായുള്ള സംരംഭകരുടെ വ്യത്യസ്ത ഉത്പന്നങ്ങളുമിവിടെയുണ്ട്. കോഴിക്കോടൻ ഹൽവ, അച്ചാർ, മാക്സി, ഷർട്ട്, പലഹാരങ്ങൾ, ഫർണിച്ചറുകൾ, വാട്ടർ ടാങ്ക്, കൂളർ തുടങ്ങി വിവിധ ഉത്പന്നങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കേരള ദിനേശ് ഉത്പന്നങ്ങളുടെ സ്റ്റാളും പൊലീസ് മൈതാനിയിൽ ഒരുക്കിയിട്ടുണ്ട്. 299 രൂപ മുതൽ ഷർട്ട്, വിവിധയിനം സ്ക്വാഷ്, അച്ചാർ, കുട, എസൻസ്, ടോപ്പ് എന്നിവയാണ് വിൽപ്പനയ്ക്കുള്ളത്. പേരാവൂരിൽ നിന്നുള്ള സംഘത്തിന്റെ മൺപാത്രങ്ങളും ഇവിടെ വിൽപ്പനയ്ക്കൊരുക്കിയിട്ടുണ്ട്. ഖാദി ബോർഡിന്റെ നേതൃത്വത്തിൽ ആയുർവ്വേദ ഉത്പന്നങ്ങളുടെ വിൽപ്പനയും ഖാദി ബോർഡിന് മുന്നിൽ നടക്കുന്നുണ്ട്.

കണ്ണൂർ ടൗൺ സ്ക്വയറിലെ കൈരളി ക്രാഫ്റ്റ് മേളയും ഇതര സംസ്ഥാനത്തെയടക്കം വ്യത്യസ്ത ഉത്പന്നങ്ങൾ കൊണ്ട് സമ്പന്നമാണ്. വിവിധ സംസ്ഥാനങ്ങളിലെ തനത് ആഭരണങ്ങളും വസ്ത്രങ്ങളും കരകൗശല വസ്തുക്കളും ഇവിടെ ലഭ്യമാണ്. പ്രാദേശിക ഉത്പന്നങ്ങളും വിൽപ്പനയ്ക്കുണ്ട്. മഹാത്മ മന്ദിരത്തിൽ നടക്കുന്ന രാജസ്ഥാൻ മേളയിലും രാജസ്ഥാനി ആഭരണങ്ങളും വസ്ത്രങ്ങളും വിൽപ്പനക്കൊരുക്കിയിട്ടുണ്ട്. മേളകൾക്ക് പുറമെ സ്റ്റേഡിയം കോർണർ കേന്ദ്രീകരിച്ച് വിഷു ഉത്പന്നങ്ങളുടെ വിപണിയും സജീവമായി വരികയാണ്.