മാഹി: മൂന്നുപതിറ്റാണ്ടുകാലം കോൺഗ്രസ് കുത്തകയാക്കി വെച്ച മാഹി അസംബ്ലി സീറ്റ്, തിരിച്ചുപിടിക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്നമാണ്. അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞതവണ എൽ.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാർത്ഥി ഡോ. വി. രാമചന്ദ്രൻ മണ്ഡലം പിടിച്ചെടുത്തത്. ഈ മണ്ഡലം ഇത്തവണ നിലനിർത്താനായില്ലെങ്കിൽ, ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞതവണത്തെ വിജയം കേവലം യാദൃച്ഛികം മാത്രമാകും. ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി എൻ. ഹരിദാസിനു വേണ്ടി രാപ്പകലില്ലാതെ, കൈമെയ് മറന്ന് എൽ.ഡി.എഫ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
ആറു തവണ തുടർച്ചയായി വിജയിക്കുകയും 12 വർഷക്കാലം പുതുച്ചേരി മന്ത്രിസഭയിൽ രണ്ടാമനാവുകയും ചെയ്ത, ഇ. വത്സരാജ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല. പകരം വത്സരാജിന്റെ വിശ്വസ്ത അനുയായിയായ മുൻ നഗരസഭാ ചെയർമാൻ രമേശ് പറമ്പത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്.
ഇരുപക്ഷത്തുമുള്ള ചില നേതാക്കൾ മറുകണ്ടം ചാടുകയും സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അസ്വാരസ്യങ്ങളുണ്ടാവുകയും ചെയ്‌തെങ്കിലും, പോരാട്ടത്തിന്റെ അന്തിമഘട്ടമെത്തിയപ്പോൾ മൂന്ന് മുന്നണികളും ഒറ്റക്കെട്ടായി മാറിയിരുന്നു.
ബി.ജെ.പി. പിന്തുണയോടെ എൻ.ആർ കോൺഗ്രസിലെ വി.പി. അബ്ദുൾ റഹ്മാനാണ് എൻ.ഡി.എക്ക് വേണ്ടി മത്സരിച്ചത്. ഇദ്ദേഹം കഴിഞ്ഞതവണ മത്സരിച്ചപ്പോൾ 1653 വോട്ടുകളാണ് ലഭിച്ചിരുന്നത്. ബി.ജെ.പി.സ്ഥാനാർത്ഥിക്ക് അന്ന് ലഭിച്ചതും ഇതേ വോട്ടാണ്. ഇത്തവണ സ്ഥാനാർത്ഥിത്വ പ്രശ്നത്തിൽ എൻ.ആർ. കോൺഗ്രസ്സിന്റെ മാഹി ഘടകം തന്നെ പിരിച്ചുവിട്ടിരുന്നു.
മൊത്തം വോട്ടർമാരായ 31,066 പേരിൽ 22,636 പേരാണ് വോട്ട് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണ് ഇത്തവണ മാഹിയിലുണ്ടായത്.
ആരു ജയിച്ചാലും ആയിരത്തിൽ കുറഞ്ഞ വോട്ടുകൾക്ക് മാത്രമേ ജയിക്കുകയുള്ളുവെന്നാണ് വിലയിരുത്തൽ. എന്നാൽ 2,200 വോട്ടുകൾക്ക് തങ്ങൾ ജയിക്കുമെന്ന് യു.ഡി.എഫും 1200 നും 1500നുമിടയിൽ വോട്ടുകൾക്ക് തങ്ങൾ ജയിച്ചു കയറുമെന്ന് എൽ.ഡി.എഫും ഉറപ്പിച്ചു പറയുന്നു. ഒരു കാര്യം ഉറപ്പ്, അടിയൊഴുക്കുകളും കാലുവാരലുകളും പുതുച്ചേരിയിലെന്ന പോലെ ഇത്തവണ മയ്യഴിയിലും നടന്നിട്ടുണ്ട്. അത് ആരെ തുണയ്ക്കുമെന്നറിയാൻ മേയ് രണ്ടുവരെ കാത്തിരിക്കുകതന്നെ വേണം.