പിണറായി: വിഷരഹിത പച്ചക്കറികൾ തത്സമയം പറിച്ച് ആവശ്യക്കാർക്ക് വിൽക്കാൻ നാട്ടുചന്തയൊരുക്കി ഒരു കൂട്ടം ഗ്രാമവാസികൾ. ഇത്തരമൊരു ആശയവുമായി പിണറായി സി. മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് നാട്ടുകാർ ഒന്നിച്ചത്. കണിവെള്ളരിയാണ് ഈ നാട്ടുചന്തയുടെ ഇത്തവണത്തെ പ്രധാന ആകർഷണം. നാട്ടുചന്തയ്ക്ക് ഇന്ന് തുടക്കമാകും.
വിഷു വിപണി മുന്നിൽ കണ്ട് വലിയ തോതിലാണ് കണി വെള്ളരി ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. പിണറായി വെസ്റ്റ് വയലിൽ 15 ഏക്കറിൽ 50 കൃഷിക്കാർ ചേർന്ന് വ്യത്യസ്ത പച്ചക്കറികൾ കൃഷി ചെയ്തിട്ടുണ്ട്. വെണ്ട, കക്കിരി, പയർ, പടവലം, കുമ്പളം, പൊട്ടിക്ക എന്നിവ ചന്തയിൽ ലഭ്യമാണ്. ഇതിന് പുറമെ നാടൻ മുരിങ്ങ, പയർ വർഗ്ഗങ്ങൾ, മഞ്ഞൾ പൊടി , കുരുമുളക്, ബിരിയാണി അരി , മഞ്ഞൾ വിത്ത് എന്നിവയും ലഭ്യമാകും. കർഷകർക്ക് തങ്ങൾ മണ്ണിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് ന്യായമായവില ഉറപ്പു നൽകുകയാണ് ഇതിലൂടെ വായനശാല ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ നാല് വർഷങ്ങളായി വായനശാല ഇത്തരത്തിൽ നാട്ടുചന്ത സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്ന് ഒാൺലൈനിലൂടെയാണ് പച്ചക്കറികൾ വിൽപ്പന നടത്തിയത്. ഒരു ലക്ഷം രൂപയുടെ ലാഭമാണ് നാട്ടുചന്തയിലൂടെ ലഭിച്ചത്. ഇത്തവണ ഇടയ്ക്ക് മഴ പെയ്തത് കൃഷിയെ സാരമയി ബാധിച്ചിരുന്നു. എങ്കിലും മികച്ച ലാഭം നേടാൻ സാധിക്കുമെന്ന് തന്നെയാണ് കർഷകരുടെ പ്രതീക്ഷ. പച്ചക്കറികൾ നേരത്തെ വിളവെടുക്കുന്ന രീതിയ്ക്ക് പകരമായി ആവശ്യക്കാർക്ക് വയലിലെത്തി ഇഷ്ട്ടമുള്ള പച്ചക്കറികൾ പറിച്ച് നൽകുകയാണ് ചെയ്യുന്നത്. ജൈവ വിഭവങ്ങൾക്ക് അതുകൊണ്ടുതന്നെ ആവശ്യക്കാരുമേറുന്നു.
കർഷക ദമ്പതികൾ
തുടക്കം കുറിക്കും
സി. മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പിണറായി വെസ്റ്റ് വയലിൽ ആരംഭിക്കുന്ന നാട്ടുചന്ത ഇന്ന് ആരംഭിക്കും. ചന്തയുടെ ഉദ്ഘാടനം നാട്ടിലെ പ്രായം ചെന്ന കർഷക ദമ്പതികളായ എം.സി. രാഘവനും പി.കെ. യശോദയും നിർവ്വഹിക്കും. മിതമായ നിരക്കിൽ ആവശ്യക്കാർക്ക് പച്ചക്കറികൾ ലഭ്യമാക്കും.