രാജപുരം (കാഞ്ഞങ്ങാട്): ശുദ്ധജലം ലഭിക്കാതെ പ്രതിസന്ധിയിലായി ഈ വേനലിലും പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ രോഗികളും ജീവനക്കാരും. ആശുപത്രിയിലെ ശുദ്ധജല പ്രശ്നത്തിന് പരിഹാരം കാണാൻ ഈയടുത്ത് രണ്ട് കുഴൽ കിണർ നിർമ്മിച്ചുവെങ്കിലും ഇതിൽ നിന്ന് വെള്ളം ലഭിച്ചില്ല. ആദ്യ കുഴൽ കിണർ നിർമ്മാണത്തിൽ വെള്ളം കണ്ടെത്താനേ കഴിഞ്ഞില്ല. പിന്നീട് വീണ്ടും സ്ഥലം കണ്ടെത്തി കുഴൽ കിണർ നിർമ്മിച്ചു എങ്കിലും വേണ്ടത്ര വെള്ളം ലഭിക്കുന്നില്ലെന്നാണ് പറയുന്നത്.
ശുദ്ധജല ക്ഷാമത്തിന് പരിഹാരം തേടി ആശുപത്രി അധികൃതർ എല്ലാകാലത്തും പഞ്ചായത്തിനെ സമീപിക്കാറുണ്ട്. പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് ഇടപെടലുമുണ്ടായി. ബഡ്സ് സ്‌കൂളിനായി നിർമ്മിച്ച കുഴൽ കിണറിൽ നിന്നും വെള്ളം എടുക്കാൻ പഞ്ചായത്ത് അനുമതി നല്കുകയായിരുന്നു. എന്നാൽ ആശുപത്രിക്ക് പുതിയ കുഴൽ കിണർ നിർമ്മിച്ചതോടെ ബഡ്സ് സ്‌കൂളിലെ കുഴൽക്കിണറിൽ സ്ഥാപിച്ച മോട്ടോറും പൈപ്പുകളും പുതിയ കിണറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിൽ നിന്ന് വേണ്ടത്ര വെള്ളം ലഭിക്കാതായതോടെ ആശുപത്രി പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.
താലൂക്ക് ആശുപത്രിയിൽ എല്ലാ വേനൽക്കാലത്തും ശുദ്ധജലത്തിന് കടുത്ത ക്ഷാമമാണ്. കോടോം-ബേളൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളം ലഭിക്കാനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ആയില്ല. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കുളം നിർമ്മിക്കാനായി ഫണ്ട് പാസായിട്ടുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാൽ നിർമ്മാണം തുടങ്ങാനായില്ല. കള്ളാർ പഞ്ചായത്തിന്റെ കീഴിൽ പൈനിക്കര പാലത്തിന് സമീപം ഉള്ള സ്ഥലം കൈമാറ്റം ചെയ്തു കിട്ടുവാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നാല് കുഴൽ കിണർ കുഴിച്ചിട്ടും രക്ഷയില്ലാത്ത സ്ഥിതിയുമായി.
അംഗീകാരം ലഭിച്ചിട്ടും..
രാജ്യത്തെ മികച്ച ആതുരാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആശുപത്രിയാണ് പൂടംകല്ല് താലൂക്ക് ആശുപത്രി. നിലവിൽ 35 കിടക്കകളാണ് ആശുപത്രിയ്ക്കുള്ളത്. ആശുപത്രിയുടെ ജീവനക്കാരുടെ കഠിനാദ്ധ്വാനമാണ് അംഗീകാരത്തിന് കാരണമായത്.
ഭൂഗർഭജലം കുറവ്
നാല് കുഴൽ കിണറുകൾ സമീപങ്ങളിലായി നിർമ്മിച്ചുവെങ്കിലും ഒന്നിലും വെള്ളം ലഭിക്കാത്തതിനാൽ ഭൂഗർഭ ജലവിഭാഗം പഠനം നടത്തിയിരുന്നു. ഈ സ്ഥലത്ത് ഭൂഗർഭജലത്തിന്റെ അളവ് കുറവാണെന്നാണ് പഠനറിപ്പോർട്ട്.