മാഹി: കേരളത്തിലെന്ന പോലെ മയ്യഴിയിലും കൊവിഡിന്റെ രണ്ടാം വരവ് ശക്തമായിരിക്കെ മേഖലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതായി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവ് രാജ് മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാഹിയിൽ ഇന്നലെ 68 രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊവിഡ് രോഗികൾ എതാണ്ട് ഇല്ലാതായ മാഹിയിൽ, തിരഞ്ഞെടുപ്പിന് ശേഷം പെട്ടെന്നാണ് വർദ്ധനവുണ്ടായത്. മയ്യഴിയിൽ നാല് കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും.

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തുന്ന ഏത് പരിപാടിക്കെതിരെയും കർശന നടപടി സ്വീകരിക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. മദ്യശാലകളിൽ ഉപഭോക്താക്കൾ മാനദണ്ഡങ്ങൾ ലംഘിച്ച് തടിച്ചുകൂടിയാൽ ഉടമക്കെതിരെ നടപടിയെടുക്കും. കൊവിഡ് കർഫ്യൂ എല്ലാ ദിവസവും അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 വരെ നടപ്പിലാക്കും.

വാക്സിനേഷൻ ഡ്രൈവ്

45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് 11, 12, 15, 16 തീയതികളിൽ വാക്സിൻ നൽകാൻ ആരോഗ്യവകുപ്പ് വാക്സിനേഷൻ ഡ്രൈവ് നടത്തും. മാഹി ജനറൽ ആശുപത്രി, പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ വച്ചാണ് വാക്സിനേഷൻ നടത്തുന്നത്. വരും ദിവസങ്ങളിൽ ചാലക്കര ആയുർവേദ ആശുപത്രിയിലും പന്തക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും രണ്ട് വാക്സിനേഷൻ സെന്റർ കൂടി ആരംഭിക്കും.

വിവാഹത്തിന്

അനുമതി വാങ്ങണം

വിവാഹവും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകൾക്കും ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കും മുൻകൂർ അനുമതി വാങ്ങണം. പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ട് എല്ലാ സാമൂഹിക / രാഷ്ട്രീയ / അക്കാഡമിക് / വിനോദ കായിക / സാംസ്‌കാരിക, മറ്റ് പ്രവർത്തനങ്ങൾ അനുവദിക്കും.