veedu
പ്രകാശന്റെ കുടുംബത്തിനായി ഫ്രെയിം 89 നിർമ്മിച്ചുനൽകിയ വീട്

ചായ്യോത്ത്: അകാലത്തിൽ പൊലിഞ്ഞുപോയ ചങ്ങാതിയുടെ കുടുംബത്തിന് തലചായ്ക്കാൻ വീടൊരുക്കി ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മ. 1989ലെ എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചവരുടെ കൂട്ടായ്മയായ ഫ്രെയിം 89 ആണ് രണ്ടുവർഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ച മേനിക്കോട്ടെ ടി.കെ. പ്രകാശന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിർമ്മിച്ചുനൽകിയത്. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രകാശൻ.
ആറുലക്ഷത്തോളം രൂപ ചിലവിട്ടും അദ്ധ്വാനമേറിയ ജോലികൾ ഏറ്റെടുത്തും സഹപാഠിയുടെ കുടുംബത്തിന് എല്ലാവിധ സൗകര്യവുമുള്ള ഒരു കൊച്ചുവീട് ഒരുക്കിക്കൊടുക്കുകയായിരുന്നു ഇവർ. നിർമ്മാണം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു പ്രകാശന്റെ സുഹൃത്തുക്കൾ.
പ്രകാശന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ അവസ്ഥ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സഹപാഠികൾ സഹായവുമായി ഇറങ്ങിയത്. അങ്ങേയറ്റം ദരിദ്രമായ സാഹചര്യത്തിൽ കഴിയുന്ന കുടുംബത്തിന് സ്വന്തമായി സ്ഥലം പോലുമുണ്ടായിരുന്നില്ല. ഭാര്യാപിതാവ് വാഴുന്നോറൊടി മേനിക്കോട്ട് നൽകിയ അഞ്ചുസെന്റ് ഭൂമിയിലാണ് വീട് നിർമ്മിച്ചത്. ഭാര്യയും പ്ളസ് ടുവിലും അഞ്ചാംക്ളാസിലും പഠിക്കുന്ന രണ്ടു കുട്ടികളുമാണ് പ്രകാശന്റെ കുടുംബം.
ടി.കെ. രഘു സെക്രട്ടറിയും സി. പ്രമോദ് കുമാർ പ്രസിഡന്റും കെ.പി. വിനോദ് ട്രഷററുമായ കമ്മിറ്റിയാണ് ഫ്രെയിമിന്റെ പ്രവർത്തനം ഏകോപിപ്പിച്ചത്. ഇന്ന് വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് നഗരസഭ ചെയർപെഴ്സൺ കെ.വി.സുജാത വീട് കൈമാറും. പ്രകാശന്റെ സഹപാഠികളും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും.