kk

ശ്വാസം മുട്ടിച്ചതാകാമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോ‌ർട്ട്

പാനൂർ (കണ്ണൂർ): മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കരയിലെ പാറാൽ മൻസൂറിനെ (22) കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും അയൽവാസിയുമായ സി.പി.എം പ്രവർത്തകൻ കൂലോത്ത് രതീഷിനെ (35) തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെങ്കിലും ആന്തരാവയവയങ്ങൾക്ക് ക്ഷതമുണ്ടെന്നും ശ്വാസം മുട്ടിച്ചതാകാൻ സാദ്ധ്യതയുണ്ടെന്നും മൂക്കിനടുത്ത് പാടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദുരൂഹത ഏറിയതോടെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു.

ഉയരം കുറഞ്ഞ കശുമാവിൻ കൊമ്പിൽ ചെറിയ കയറിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തൂങ്ങി മരിക്കുമ്പോൾ സംഭവിക്കുന്നതിനേക്കാൾ അസാധാരണമായ നിലയിലായിരുന്നു രതീഷിന്റെ ജഡമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പോസ്റ്റ്‌മോർട്ടം വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസ് മെഡിക്കൽ കോളേജ്​ ഫോറൻസിക്​ വിഭാഗത്തിലെ ഡോ.പ്രിയതയു​ടെ മൊഴി രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം നടത്തിയ നാലംഗ സംഘത്തിലെ രണ്ടു പേരുമായി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട ചെക്യാട് കൂളിപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് പിന്നീട് അദ്ദേഹം വിശദ പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജു ജോസഫ് പ്രദേശവാസികളുടെ മൊഴിയെടുത്തു. നാദാപുരം ഡിവൈ.എസ്.പി പി.എ. ശിവദാസിന്റെ നേതൃത്വത്തിൽ സൈബർ സെൽ വിദഗ്ദ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും കൂളിപ്പാറയിൽ വിശദപരിശോധന നടത്തിയിരുന്നു.

രതീഷിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പടെയുള്ള യു.ഡി എഫ് നേതാക്കൾ ആരോപിച്ചിരുന്നു. രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

പ്രതികൾ ചെക്യാട് ഒളിവിൽ താമസിച്ചു

പൊലീസ് നായ രതീഷിന്റെ മൃതദേഹത്തിൽ നിന്ന് മണംപിടിച്ച് രണ്ടു കിലോമീറ്റർ അകലെ കോഴിക്കോട് ജില്ലയോടു ചേർന്നുള്ള കിഴക്കേമുറിയിലെ ആളൊഴിഞ്ഞ പറമ്പിൽ എത്തിയിരുന്നു. ഇതുവഴിയാണ് രതീഷ് പുല്ലൂക്കരയിൽ നിന്ന് ചെക്യാട്ടേക്ക് എത്തിയതെന്നാണ് നിഗമനം. പ്രതികൾ ചെക്യാട്ട് ഒളിവിൽ താമസിച്ചെന്നാണ് പൊലീസ് നൽകുന്ന സൂചന. പിന്നീട് താവളം മാറി. രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തു.

കേസ് ‌‌ഡയറി ഇന്ന് കൈമാറും

മൻസൂർ വധക്കേസ് ഡയറി ഇന്ന് പുതിയ അന്വേഷണ സംഘത്തിന് കൈമാറും. പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്ന് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഉത്തരമേഖലാ ഐ.ജി ഗോപേഷ് അഗർവാളിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി വിക്രമാണ് അന്വേഷിക്കുന്നത്. മൻസൂറിന്റെ കൊലപാതകത്തിന് സാക്ഷികളായ സഹോദരൻ മൊഹ്സിൻ, പിതാവ് മുസ്തഫ എന്നിവരിൽ നിന്ന് പുതിയ അന്വേഷണ സംഘം മൊഴിയെടുത്തു.

രതീഷി​ന്റെ മരണത്തെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല.

ഡോ. എ. ശ്രീനിവാസ്,

റൂറൽ എസ്.പി, കോഴിക്കോട്