പരീക്ഷകൾ സമയബന്ധിതമായി നടത്തും
കാസർകോട്: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് കർണ്ണാടക സർക്കാർ.
ഡിഗ്രി, ബിരുദാനന്തര ബിരുദം, എഞ്ചിനീയറിംഗ്, ഡിപ്ലോമ, മറ്റ് കോഴ്സുകൾ ഉൾപ്പെടെയുള്ള സർവകലാശാലാ തലത്തിലെ എല്ലാ പരീക്ഷകളും സമയബന്ധിതമായി തന്നെ നടത്തുമെന്ന് കർണാടക സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സി.സി അശ്വത് നാരായണൻ അറിയിച്ചു. പരീക്ഷകൾ പൂർത്തിയായ ശേഷം വേനൽക്കാല അവധി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാരണം അധ്യയന ദിവസങ്ങളിലുണ്ടായ കുറവ് കാരണമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.
2021-22 വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങൾ ഇതിനകം വൈകിയിട്ടുണ്ട്. കൂടുതൽ കാലതാമസം നേരിട്ടാൽ കോഴ്സ് പിരീഡ്, പരീക്ഷ, ഫലങ്ങൾ, ജോലി തുടങ്ങിയവയെ ബാധിക്കും. ക്ലാസുകളുടെ പ്രവർത്തനം ഉടനടി ആരംഭിക്കും. ഓഫ്‌ലൈൻ, ഓൺലൈൻ ക്ലാസുകൾ ഉണ്ടാവുകയും ചെയ്യും. ഓൺലൈൻ ക്ലാസുകൾ വളരെ നേരത്തെ തന്നെ ആരംഭിക്കും. വിദ്യാർത്ഥികൾ ഓൺലൈനിലോ ഓഫ്‌ലൈൻ ക്ലാസുകളിലോ പങ്കെടുക്കേണ്ടത് നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു. ക്ലാസ് മുറികളുടെ ശുചിത്വം, കൊവിഡ് ടെസ്റ്റ്, ശാരീരിക അകലം പാലിക്കൽ, മാസ്‌ക് എന്നിവ നിർബന്ധമാണ്. കൊവിഡ് കണക്കിലെടുത്ത് ഇന്റഗ്രേറ്റഡ് ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ കർണ്ണാടക അതിർത്തിയിൽ കൊവിഡ് നിയന്ത്രണം കർണ്ണാടക സർക്കാർ കർശനമാക്കിയെങ്കിലും അതിർത്തിയിൽ മലയാളി യാത്രക്കാരെ തടയുന്നില്ല. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കർണ്ണാടകത്തിലേക്ക് കടത്തിവിടുന്നുണ്ട്. സംശയമുള്ള ചില വാഹനങ്ങൾ തടഞ്ഞു പരിശോധിക്കുന്നുണ്ടെങ്കിലും സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തി യാത്ര അനുവദിക്കുന്നുണ്ട്. അടുത്തതവണ വരുമ്പോൾ പരിശോധന നടത്തി വരണമെന്ന ഉപദേശവും നൽകുന്നുണ്ട്. പനിയോ മറ്റ് അസുഖങ്ങളോ ഉള്ള യാത്രക്കാർക്ക് ആവശ്യമെങ്കിൽ പരിശോധന നടത്തുന്നതിന് തലപ്പാടി അതിർത്തിയിൽ കർണ്ണാടക സർക്കാർ ആവശ്യമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.