കാഞ്ഞങ്ങാട്: കൊവിഡ് ഭീതിക്കിടയിലും കാഞ്ഞങ്ങാട്ട് വിഷു വിപണി സജീവം. നഗരസഭ കുടുംബശ്രീ കർഷകരിൽ നിന്നും ജൈവ പച്ചക്കറി ഉൽപ്പന്നങ്ങൾ നേരിട്ട് സ്വീകരിച്ച് പൊതുജനങ്ങൾക്ക് പരമാവധി വിലകുറച്ച് എത്തിക്കുന്നതിന് സ്റ്റാളുകൾ തുടങ്ങി. പയർ, നരമ്പൻ, വെണ്ട, ചേന, കണിവെള്ളരി തുടങ്ങിയ പച്ചക്കറികളും കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന എണ്ണപ്പലഹാരങ്ങൾ, അച്ചാർ, പായസക്കൂട്ട്, തുടങ്ങിയവയും സ്റ്റാളുകളിൽ വിപണനം ചെയ്യുന്നു. വിഷുദിനം വരെ വിപണി രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിക്കും. പുതിയകോട്ട മാന്തോപ്പ് മൈതാനി, കാഞ്ഞങ്ങാട് പട്ടണത്തിലെ പഴയ കൈലാസ് തീയേറ്ററിന് സമീപം എന്നിവിടങ്ങളിലാണ് സ്റ്റാളുകൾ പ്രവർത്തിക്കുന്നത്.