പാണത്തൂർ(കാസർകോട്): 'ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥകളുണ്ട്. അവയ്ക്കിടയിൽ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ കഥകൾ അപൂർവ്വമായിരിക്കും. നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾക്കുള്ളിൽ ആകാശത്തോളം സ്വപ്നം കാണാം, ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി വിജയ തീരത്തെത്താം...' ഫേസ്ബുക്കിൽ കുറിച്ചിട്ട വാക്കുകൾ പോലെ ഇല്ലായ്മയുടെയും വല്ലായ്മയുടെയും കുടിലിലിരുന്ന് ആകാശത്തോളം സ്വപ്നം കാണുകയായിരുന്നു രഞ്ജിത്ത് പാണത്തൂർ. വിത്തെറിഞ്ഞാൽ പൊന്നുവിളയുന്ന മലയോര മണ്ണിൽ നിന്നും വിദ്യപാകിയാലും നൂറ് മേനി കൊയ്യാനാകുമെന്ന തിരിച്ചറിവ് നേടി. അതിന്റെ ഫലപ്രാപ്തി പോലെ നടന്നു കയറിയത് രാജ്യത്തെ തന്നെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനോജ്‌മെന്റ്(ഐ.ഐ.എം.) അസി. പ്രൊഫസർ പദവിയിലേക്ക്. പ്രതിസന്ധികളോട് പൊരുതി പരാധീനതകളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ പാണത്തൂർ കേളപ്പൻ കയത്തെ ആർ. രഞ്ജിത്തിന്റെ മുന്നേറ്റത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. അച്ഛൻ എ. രാമചന്ദ്രൻ തയ്യൽ ജോലി ചെയ്തും അമ്മ പി.വി. ബേബി കൂലിപ്പണിയെടുത്തും തന്നെയും സഹോദരങ്ങളെയും പഠിപ്പിക്കാനും കുടുംബം മുന്നോട്ട് കൊണ്ടുപോകാനും കഷ്ടപ്പെടുന്നത് കണ്ട് വളർന്ന രഞ്ജിത്തിന് പഠനം എത്രത്തോളം തുടരാൻ കഴിയുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാലും പൊരുതി നേടാനുള്ള മനസുണ്ടായിരുന്നു. പത്താംക്ലാസ് വരെ കാസർകോട് എം.ആർ.എസിലായിരുന്നു പഠനം. തുടർന്ന് ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും നല്ല മാർക്കോടെ പ്ലസ്ടു ജയിച്ചു. സാമ്പത്തിക പരാധീനത കാരണം തുടർപഠനം ഉപേക്ഷിക്കാനായിരുന്നു രഞ്ജിത്തിന്റെ തീരുമാനം. ഇതിനിടെ പാണത്തൂർ ടെലഫോൺ എക്‌സ്‌ചേഞ്ചിൽ രാത്രി കാവൽക്കാരന്റെ ജോലി ലഭിച്ചതാണ് വഴിതിരിവായത്. പകൽ പഠനവും രാത്രി ജോലിയുമായി രാജപുരം സെന്റ് പയസ് കോളേജിൽ ഡിഗ്രിയും പെരിയ കേന്ദ്ര സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് കണ്ണൂർ കൃഷ്ണമേനോൻ കോളേജിൽ താത്കാലിക അദ്ധ്യാപക ജോലി നോക്കുന്നതിനിടെയാണ് മദ്രാസ് ഐ.ഐ.ടി.യിൽ സ്‌കോളർഷിപ്പോടെ പ്രവേശനം ലഭിച്ചത്. ഇവിടെ നിന്നും പി.എച്ച്.ഡി. നേടിയ രഞ്ജിത്തിന് ജപ്പാൻ, ജർമ്മനി രാജ്യങ്ങളിൽ പ്രബന്ധമവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു. കഴിഞ്ഞ വർഷമാണ് ഡോക്ടറേറ്റ് നേടിയത്. ബെംഗളൂരുവിലെ ക്രൈസ്‌റ്റ് സർവകലാശാലയിൽ അസി. പ്രൊഫസറായി ജോലി ചെയ്ത് വരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഐ.ഐ.എമ്മിൽ ജോലിയിൽ പ്രവേശിക്കേണ്ട അറിയിപ്പ് രഞ്ജിത്തിന് ലഭിച്ചത്. തന്റെ സ്വപ്നങ്ങളുടെ ആകെ തുകയും അച്ഛന്റെയും അമ്മയുടെയും സഹനവും നേടിതന്ന വിജയത്തെ കുറിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലായതോടെ മന്ത്രി തോമസ് ഐസക്കടക്കം നിരവധി പേരാണ് രഞ്ജിത്തിന് അഭിനന്ദനവുമായി എത്തുന്നത്.
'ഈ വീട്ടിലാണ് ഞാൻ ജനിച്ചത് ,ഇവിടെയാണ് വളർന്നതും ഇപ്പോൾ ജീവിക്കുന്നതും ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു ഐ.ഐ.എം പ്രൊഫസർ ജനിച്ചിരിക്കുന്നു. ഈ വീട് മുതൽ റാഞ്ചി വരെയുള്ള തന്റെ അനുഭവ കഥ പറയണമെന്ന് തോന്നി ഇത് ഒരാളുടെയെങ്കിലും സ്വപ്നത്തിന് വളമാകുമെങ്കിൽ അതാണ് എന്റെ വിജയം ..' വൈറലായ രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.
മകൻ പുതിയ ജോലിയിൽ പ്രവേശിക്കുന്നത് നേരിൽ കാണാൻ പോകണം എന്ന ആഗ്രഹവുമായി നിൽക്കുകയാണ് അച്ഛൻ രാമചന്ദ്രനും അമ്മ ബേബിയും. കൊവിഡ് നിയന്ത്രണങ്ങൾ വഴി മുടക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് ഇരുവരും. 13 ന് രഞ്ജിത്ത് നാട്ടിൽ എത്തുന്നതും കാത്തിരിക്കുകയാണ് മലയോര നാട് ഒന്നാകെ. രഞ്ജിത്തിന് വൻ വരവേൽപ്പ് ഒരുക്കാൻ.