കണ്ണൂർ: പ്രതിപ്പട്ടികയിലുൾപ്പെടുന്ന രാഷ്ട്രീയ കൊലക്കേസ് പ്രതികൾ കൊല്ലപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും കണ്ണൂരിൽ പതിവാകുന്നു. പുല്ലൂക്കരയിലെ മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണവും ഇത്തരമൊരു ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊല്ലപ്പെടുന്നവരോടൊപ്പം കൊല്ലുന്നവനും താമസിയാതെ ജീവൻ നഷ്ടപ്പെടുന്നതാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം.
തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിന്റെ കൊലപാതകത്തിനുശേഷം രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ന്യൂമാഹിയിലെ പഞ്ചാര ഷിനിലും മുഴിക്കര കുട്ടനും ദൂരൂഹ സാഹചര്യങ്ങളിൽ മരിച്ചരുന്നു. വ്യത്യസ്ത കൊലക്കേസുകളിൽപ്പെട്ട അനിലിന്റെ മൃതദേഹം മാഹി എടന്നൂരിലെ റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. മട്ടന്നൂരിൽ സി.പി.എം ഓഫീസിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട കുട്ടന്റെ മരണത്തിലും ദുരൂഹത തുടരുകയാണ്.
സി.പി.എം പ്രവർത്തകരായ കെ.പി. റയീസ്, ജിജേഷ്, യു.കെ. സലീം എന്നിവരുടെ മരണങ്ങളെച്ചൊല്ലി ഉയർന്ന ആരോപണങ്ങൾക്കും ഉത്തരം കണ്ടെത്താനായിട്ടില്ല. പൊലീസോ, കൊലപാതകത്തിന് ഉത്തരവാദിയായ രാഷ്ട്രീയ പാർട്ടിയോ അതിനു ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, കേസന്വേഷണം ഒതുക്കാനുള്ള വ്യഗ്രതയാണ് കാട്ടുന്നത്.
'കൊലക്കേസുകളിപ്പെടുന്നവർ ആത്മഹത്യ ചെയ്യുന്ന സംഭവളെല്ലാം ദുരൂഹമാണെന്ന് പറയാനാവില്ല. കൃത്യം നടന്നതിന് ശേഷമുള്ള മാനസിക സംഘർഷത്തിൽ ജീവനൊടുക്കുന്നവരുമുണ്ടാകാം. സി.പി.എം സ്വാധീന മേഖലയിൽ നടക്കുന്ന കൊലപാതകങ്ങൾ കൂട്ടായ തീരുമാനത്തിൽ നിന്നുണ്ടാകുന്നതാണ്. അതുകൊണ്ടാണ് ടി.പി വധക്കേസ് യഥാർത്ഥ ആസൂത്രകരിലേക്ക് എത്താതെ പോയത്".
-അഡ്വ. സി.കെ. ശ്രീധരൻ, ക്രിമിനൽ അഭിഭാഷകൻ
'മൻസൂർ കൊലപാതകത്തിൽ കുറ്റാരോപിതനായ വ്യക്തി തൂങ്ങിമരിച്ച സംഭവം അന്വേഷിച്ച് കണ്ടെത്തേണ്ടത് അന്വേഷണ ഏജൻസിയാണ്. അക്രമത്തിൽ പരിക്കേൽക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതിലുള്ള മനോവിഷമമാവാം രതീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത്".
-ഉന്നത സി.പി.എം നേതാവ്
'അന്വേഷണം നേതൃത്വത്തിലേക്കെത്തുമ്പോൾ കൃത്യത്തിൽ ഏർപ്പെട്ടവരെ വകവരുത്താൻ സി.പി.എമ്മിൽ പ്രത്യേത സംഘമുണ്ട്. അന്വേഷണത്തിൽ പുറത്തുവരുന്ന ചോർച്ച അടക്കാനാണിത്. സി.പി.എമ്മിന്റെ ഉന്നത നേതാവ് പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നിലെ സത്യവും ഇതാണ്".
-എൻ. ഹരിദാസ്,
ജില്ലാ പ്രസിഡന്റ്, ബി.ജെ.പി