തളിപ്പറമ്പ്: കുറ്റിക്കോൽ പുഴയിൽ നിന്നും കിണറിലേക്ക് ഉപ്പുകലർന്ന ചെളിവെള്ളംകയറി നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. നെല്ലിയോട് പീലേരി വയലിന് സമീപത്തെ 20ഓളം കുടുംബങ്ങളാണ് രണ്ടാഴ്ചയിലധികമായി കടുത്ത പ്രതിസന്ധി അനുഭവിക്കുന്നത്. കുറ്റിക്കോൽ പുഴയ്ക്ക് സമീപം വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച അണക്കെട്ട് തകർന്ന നിലയിലാണ്. അണക്കെട്ടിന്റെ തകർച്ചയാണ് പ്രദേശത്ത് ഉപ്പുവെള്ളം കയറാൻ ഇടയാക്കിയത്.
വയലിൽ മുഴുവൻ വ്യാപിച്ച ഉപ്പുകലർന്ന ചെളിവെള്ളമാണ് വീടുകളിലെ കിണറിൽ നിറഞ്ഞത്. മഞ്ഞ നിറത്തിലുള്ള വെള്ളം വീട്ടാവശ്യങ്ങൾക്ക് ഒന്നിനും ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കടുത്ത വേനലിൽ ഉപ്പിന്റെ കാഠിന്യം കൂടിയതിനാൽ കിണറിലെ മോട്ടോറുകളും പ്ലമ്പിംഗ് സാമഗ്രികളും നശിച്ചുകൊണ്ടിരിക്കുകയാണ്. കിണറിലെ വെള്ളം വസ്ത്രം അലക്കുന്നതിനോ, ചെടികൾക്ക് നനക്കുന്നതിനോ സാധിക്കുന്നില്ല.
കടുത്തവേനലിൽ വളരെ അകലെയുള്ള വീടുകളിൽനിന്നും വെള്ളം എത്തിച്ചാണ് വീട്ടുകാര്യങ്ങൾ നിർവഹിക്കുന്നത്. പല കിണറുകളിലും പകുതിയിലധികം വെള്ളമുണ്ട്.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആന്തൂർ നഗരസഭ വാഹനത്തിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചു. വേനൽക്കാലത്ത് നെല്ലിയോട് വയലിൽനിന്നും ധാരാളം പച്ചക്കറി ഉൽപാദിപ്പിക്കുന്നതാണ്. ഇത്തവണ വയലിലെ ഉപ്പുവെള്ളം വറ്റാത്തതിനാൽ ആർക്കും പച്ചക്കറി കൃഷി നടത്താൻ സാധിച്ചില്ല. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൗൺസിലർ പി.പി മുരളീധരൻ