പട്ടുവം: ഏഴോം പഞ്ചായത്തിലെ കൊട്ടില പെരുങ്ങീലിൽ പ്രതീക്ഷ ഗ്രൂപ്പിന്റെ മത്സ്യകൃഷിയിൽ നൂറുമേനി വിളവ്. വിവിധ ഇനം കണ്ടൽ മരങ്ങളും തെങ്ങുകളും നിറഞ്ഞ ജനവാസം കുറഞ്ഞ പ്രകൃതിരമണീയമായ പെരുങ്ങീൽ ചതുപ്പുനിലത്തെ 10 ഏക്കർ 65 സെന്റ് സ്ഥലത്താണ് ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ മത്സ്യകൃഷിക്ക് ഗ്രൂപ്പ് തുടക്കമിട്ടത്. സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഫിഷറീസ് വകുപ്പിന്റെയും ഏഴോം പഞ്ചായത്തിന്റെയും സഹകരണത്തോടെയായിരുന്നു ഈ ബൃഹദ്പദ്ധതി.
വീട്ടുവളപ്പിലും കുളത്തിലും മത്സ്യകൃഷി ചെയ്തിരുന്ന കർഷകൻ എം.വി പ്രസാദ് ഉൾപ്പെടെ പ്രവാസികളും കോൺക്രീറ്റ് ജോലിക്കാരും കോൺട്രാക്ടർമാരും ഉൾപ്പെടുന്ന ഇരുപതംഗ കൂട്ടായ്മ കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞതോടെയാണ് പദ്ധതിയിലേക്ക് നീങ്ങിയത്. ആസാം വാളയാണ് പ്രസാദ് കൃഷി ചെയ്യുന്ന മുഖ്യഇനം. കരിമീൻ, ചെമ്മീൻ, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളും ഗ്രൂപ്പിന്റെ കൃഷിയിൽ ഇടംനേടി.
കോടികൾ മുതൽമുടക്കിയുള്ള കൃഷിയിൽ മികച്ച വരുമാനം ഇവർ പ്രതീക്ഷിക്കുന്നു. പട്ടുവം പുഴയുടെ വടക്കു ഭാഗത്തും കോട്ടക്കീലിന്റെ കിഴക്കേ ചതുപ്പിലും ഒരുക്കിയ വൻ പ്രൊജക്ട് ഭാവിയിൽ ഫാം ടൂറിസം കേന്ദ്രമാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്ന് ഇവർ വ്യക്തമാക്കുന്നു.
വിളവെടുപ്പ് ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രതീക്ഷാ ഗ്രൂപ്പ് പ്രസിഡന്റ് ടി. പവിത്രൻ അദ്ധ്യക്ഷനായിരുന്നു. പ്രധാനമന്ത്രി മത്സ്യ യോജനാ പദ്ധതി പ്രകാരമുള്ള ബയോ ബ്‌ളോക്ക് യൂണിറ്റിൽ ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ മത്സ്യവിത്തു നിക്ഷേപം നടത്തി.
ഏഴോം കൃഷി ഓഫീസർ സതീഷ് കുമാർ കണ്ടൽതൈ നട്ടുപിടിപ്പിക്കുന്നതിന് തുടക്കംകുറിച്ചു. ഫിഷറീസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ സന്ധ്യ, ഫിഷറീസ് പഞ്ചായത്ത് കോ-ഓർഡിനേറ്റർ താര, വാർഡ് അംഗങ്ങളായ രാജൻ, നിർമ്മല, മധുകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രൻ, പി. ബാലകൃഷ്ണൻ, ശശി നരിക്കോട്ട് എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് സെക്രട്ടറി കെ.വി ബാലകൃഷ്ണൻ സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു.