മാഹി: പോണ്ടിച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ മാഹി- പുതുച്ചേരി റൂട്ടിലോടുന്ന ലക്ഷ്വറി ബസ് കാണുന്ന ഏത് യാത്രക്കാരനും തോന്നും 'ഇതോ ലക്ഷ്വറി ബസെന്ന്". മുന്നിലും പിന്നിലും പൊട്ടിപ്പൊളിഞ്ഞ് കാലപ്പഴക്കം കൊണ്ട് ശബ്ദം ഉയരുന്ന, ചെറുമഴയിൽ പോലും ചോരുന്ന ബസ് കോർപ്പറേഷന് മാനക്കേടായാണ് ഓടുന്നത്. നിത്യേന എഴുന്നൂറ് കിലോമീറ്റർ സഞ്ചരിക്കേണ്ട ബസാണിതെന്ന് അറിഞ്ഞാൽ ആരും മൂക്കത്ത് വിരൽവയ്ക്കും.
മാഹിയിലെ ഉദ്യോഗസ്ഥർക്കും, വിദ്യാർത്ഥികൾക്കും, മറ്റും തലസ്ഥാനത്തെത്താനുള്ള സർക്കാർ ബസിൽ 690 രൂപ നൽകി 15 മണിക്കൂർ യാത്ര ചെയ്യുന്നവർ, ബസിൽ കയറും മുമ്പേ ടെറ്റ്നസ്സ് ഇഞ്ചക്ഷൻ എടുക്കേണ്ട അവസ്ഥ. സ്വകാര്യ വാഹനങ്ങളെ സ്‌കാർപ്പ് പോളിസി പ്രകാരം കണ്ടം ചെയ്യുമ്പോഴാണ് ഇത്തരം ബസുകൾ പൊതുമേഖലയിൽ സർവീസ് നടത്തുന്നത്. പുതുച്ചേരിയിൽ നിന്ന് മാഹിയേക്കാളും കുറഞ്ഞ ദൂരത്തിലോടുന്ന ബസുകൾ നല്ല കണ്ടീഷനുള്ളവയാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
മാഹിയോട് മാത്രമാണ് പി ആർ.ടി.സി അധികൃതർക്ക് ചിറ്റമ്മ നയം. മാഹിയിലേക്ക് ഇത്തരം ബസുകൾ സർവ്വീസ് നടത്തുന്നതിനെതിരെ മുൻ ലെഫ്: ഗവർണ്ണർക്കും, എം.എൽ.എക്കും യാത്രക്കാർ പരാതി നൽകുമ്പോൾ 'ഇപ്പം ശരിയാക്കിത്തരാം' എന്ന മറുപടി ലഭിച്ചുവെന്നല്ലാതെ, മാറ്റമില്ല. കാലത്ത് ഓഫീസിലും കോളേജുകളിലുമൊക്കെ എത്തേണ്ടവർക്ക് പലപ്പോഴും ഒരു ദിവസം നഷ്ടപ്പെടുകയാണ് പതിവ്. പാതി വഴിയിൽ ബസ് ബ്രേക്ക് ഡൗണാകും. ബസ് യാത്രക്കാർ മൂട്ട കടിയും സഹിക്കണം. പുതുച്ചേരിയിൽ നിന്ന് ചെന്നൈ, ബംഗളൂരു, മൈസൂർ, യാനം മേഖലകളിലേക്ക് സർവ്വീസ് നടത്തുന്ന പി.ആർ.ടി.സി. ബസുകളെല്ലാം ഹൈടെക്കുകളാണ്.