bridge
ഇരിട്ടി പാലം

ഇരിട്ടി: 336 കോടി ചെലവിൽ നവീകരണം പൂർത്തിയാവുന്ന 55 കിലോമീറ്റർ തലശ്ശേരി - വളവുപാറ അന്തർസംസ്ഥാന പാതയിലെ 7 പാലങ്ങളിൽ പണി പൂർത്തിയാക്കി തുറന്നു കൊടുക്കുന്ന ഏറ്റവും വലുതും അഞ്ചാമത്തെതുമായ ഇരിട്ടി പാലം. ഇന്ന് രാവിലെ 11 ന് ഗതാഗതത്തിന് തുറന്നു കൊടുക്കും. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലം എന്ന ബഹുമതിയും ഇരിട്ടി പാലത്തിനുണ്ട്. വർഷങ്ങളായി ഇരിട്ടി പട്ടണം അനുഭവിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.

ബ്രിട്ടീഷുകാർ 1933ൽ നിർമ്മിച്ച പാലത്തിന് സമാന്തരമായാണ് ഇരിട്ടി പുതിയ പാലവും നിർമ്മിച്ചിരിക്കുന്നത്. 48 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളായി നിർമ്മിച്ച പാലത്തിന് ആകെ 144 മീറ്റർ നീളവും 12മീറ്റർ വീതിയും 23 മീറ്റർ ഉയരവുമാണ് ഉള്ളത്. പാലം നിർമ്മാണം തുടങ്ങിയ സമയത്തുണ്ടായ പ്രളയത്തിൽ പെട്ട് പാലത്തിന്റെ പൈലിംഗ് അടക്കം ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായി. രണ്ടു തവണയായുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയിലെ മികച്ച പാലം വിദഗ്ദ്ധർ പ്രദേശം സന്ദർശിച്ച് പൈലിംഗിന്റെ എണ്ണവും ആഴവും വർധിപ്പിച്ചാണ് പണി പൂർത്തിയാക്കിയത്.

പുതിയപാലം വന്നതോടെ ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയപാലം ചരിത്ര സ്മരകം പോലെ സംരക്ഷിച്ച് കാത്തുസൂക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മറ്റ് ആഘോഷങ്ങളൊന്നുമില്ലാതെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു കെ.എസ്.ടി.പി ചീഫ് എഞ്ചിനീയർ അറിയിച്ചു. ഇരിട്ടി പാലത്തിന് പുറമെ ഉളിയിൽ, കളറോഡ്, കരേറ്റ, മെരുവമ്പായി പാലങ്ങൾ നേരത്തേ പൂർത്തിയായതോടെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. പദ്ധതിയിൽ അവശേഷിക്കുന്ന കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളുടെ നിർമ്മാണം കാലവർഷത്തിന് മുന്നെ പൂർത്തിയാക്കുമെന്ന് കെ.എസ്.ടി. പി അധികൃതർ അറിയിച്ചു.

കൂട്ടപുഴ പാലം പ്രവൃത്തി ദ്രുതഗതിയിൽ
കർണ്ണാടക വനം വകുപ്പുമായുണ്ടായ അതിർത്തി തർക്കമാണ് കൂട്ടപുഴ പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടാനിടയാക്കിയത്. ഇതിനെത്തുടർന്ന് രണ്ടു വർഷത്തിലേറെ പ്രവൃത്തി തടസ്സപ്പെട്ടുകിടന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഇപ്പോൾ നിർമ്മാണ പ്രവൃത്തി ദ്രുതഗതിയിൽ നടക്കുകയാണ്. കാലവർഷം തുടങ്ങുന്നതിനു മുന്നേ തൂണുകളുടെ നിർമ്മാണം പൂർത്തിയാക്കും. നിർമ്മാണം തുടങ്ങിക്കഴിഞ്ഞതിനു ശേഷം ജലഗതാഗതത്തിനായി എരഞ്ഞോളി പാലത്തിന്റെ ഉയരം കൂട്ടണമെന്ന നിർദ്ദേശം വരികയും തുടർന്ന് അധിക ഭൂമി ഏറ്റെടുക്കുന്നതിനുണ്ടായ കാലതാമസം പ്രവൃത്തി വൈകിപ്പിക്കുന്നതിനും ഇടയാക്കി. ആദ്യം തയാറാക്കിയ ഡിസൈനിനേക്കാൾ ആറു മീറ്റർ അധികം ഉയർത്തിയാണ് എരഞ്ഞോളിയിലെ പുതിയ പാലം നിർമ്മിക്കുന്നത്. ഇതും വൈകാതെ പൂർത്തിയാവും.