കണ്ണൂർ: രാഷ്ട്രീയ കൊലപാതക കേസുകളിൽ പ്രതികളാകുന്ന സി.പി.എം പ്രവർത്തകരുടെ ദുരൂഹമരണങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന് നിലവിലെ സാഹചര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നതായും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
കൊലക്കേസിൽ ഉൾപ്പെട്ട പാർട്ടി പ്രവർത്തകരായ പ്രതികളുടെ എല്ലാ ക്രിമിനൽ പ്രവർത്തനത്തിനും കുട പിടിക്കുന്ന സി.പി.എം, പാർട്ടി പ്രവർത്തകന്റെ ദുരൂഹ മരണം നടന്നിട്ടും ഇക്കാര്യത്തിൽ മൗനം പുലർത്തുന്നത് സംശയകരമാണ്. തൂങ്ങിമരിച്ച നിലയിൽ രതീഷിന്റെ മൃതദേഹം കണ്ടെത്തിയതും മറ്റ് പ്രതികളെ കുറിച്ച് നിലവിൽ വിവരമില്ലാത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളായിട്ടുള്ള ജില്ലയിലെ ഒട്ടേറെ രാഷ്ട്രീയ കൊലപാതക കേസുകളിൽ പ്രതിപട്ടികയിൽ ഉള്ള പല സി.പി.എം പ്രവർത്തകരും ദുരൂഹമായി മരണപ്പെട്ടിട്ടുണ്ട്. സമഗ്രമായി ഉന്നതതല കേന്ദ്ര ഏജൻസി അന്വേഷണം നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വസ്തുത പുറത്തു വരികയുള്ളൂയെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.