covid

ഇന്നലെ 575 പേർക്ക്

കണ്ണൂർ: ജില്ലയിൽ ഞായറാഴ്ച 575 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 516 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 43 പേർക്കും വിദേശത്തുനിന്നെത്തിയ എട്ടു പേർക്കും എട്ട് ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 63387 ആയി. ഇവരിൽ 217 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 57,891 ആയി. 4216 പേർ ചികിത്സയിലാണ്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 17,521 പേരാണ്. ഇ

ഇതുവരെ 7,43,945 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,43,519 എണ്ണത്തിന്റെ ഫലം വന്നു. 426 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, കണ്ണൻ വയൽ യുവതാര വായനശാല, ഉമ്മറപ്പൊയിൽ സി.എഫ്.എൽ.ടി.സി, തൃപ്പങ്ങോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം, മണക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശോധന.


117 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ

ഇന്ന് സർക്കാർ മേഖലയിൽ 86 ആരോഗ്യ കേന്ദ്രങ്ങളിലും പരിയാരം മെഡിക്കൽ കോളേജിലും കൊവിഡ് വാക്സിൻ നൽകും. കൂടാതെ കണ്ണൂർ ജൂബിലി ഹാൾ, കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം പവലിയൻ, പയ്യന്നൂർ ബോയ്സ് സ്‌കൂൾ, ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രം, ചെറുതാഴം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ കൊവിഡ് മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും നിയന്ത്രണം

ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ പൊലീസിന് ജില്ലാ കളക്ടർ നിർദേശം നൽകി. എല്ലാ കടകളിലും സാനിറ്റൈസർ, ശാരീരിക അകലം തുടങ്ങിയ കൊവിഡ് പ്രോട്ടോകോൾ ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും നിർദേശം നൽകി. വിഷു ഓഫറുകളുടെ പേരിൽ പല വ്യാപാര സ്ഥാപനങ്ങളും വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതു കർശനമായി നിയന്ത്രിക്കാനും കൊവിഡ് മാനദണ്ഡം ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.