snehaveed
ഫ്രെയിം 89 നിർമ്മിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത പ്രകാശന്റെ ഭാര്യ രേണുകയ്ക്ക് കൈമാറുന്നു

കാഞ്ഞങ്ങാട്: ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ 1989 എസ്.എസ്.എൽ.സി ബാച്ചിന്റെ കൂട്ടായ്മയായ ഫ്രെയിം -89 അകാലത്തിൽ പൊലിഞ്ഞ സഹപാഠിയുടെ കുടുംബത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. പ്ളസ് ടുവിൽ പഠിക്കുന്ന റോഷ്നിയ്ക്കും അഞ്ചാംക്ലാസുകാരനായ പ്രശോഭിനും ഇതോടെ വീടെന്ന സ്വപ്നം സഫലമായി.
ഇന്നലെ മേനിക്കോട്ട് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാതയാണ് താക്കോൽദാനകർമ്മം നിർവഹിച്ചത്. ഫ്രെയിം പ്രസിഡന്റ് സി. പ്രമോദ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.വി. മോഹനൻ, പി. പുരുഷോത്തമൻ, സനേഹവീട് നിർമ്മാണകമ്മിറ്റി ചെയർമാൻ കെ.പി. വിനോദ്, കൺവീനർ കെ.വി. ശശിധരൻ, സുധാകരൻ അരയി, ഉണ്ണിക്കൃഷ്ണൻ കിനാനൂർ, ടി.എൻ. ബീന തുടങ്ങിയവർ സംസാരിച്ചു. ഫ്രെയിമിന്റെ നാമകരണം നിർവഹിച്ച ടി.എൻ. ബീനയ്ക്കും ലോഗോ രൂപകല്പന ചെയ്ത കെ.വി. ശശിധരനും ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഉപഹാരം നൽകി. സെക്രട്ടറി ടി.കെ. രഘു സ്വാഗതവും കെ.വി. ശശിധരൻ നന്ദിയും പറഞ്ഞു.