കൂത്തുപറമ്പ് തൊക്കിലങ്ങാടി കനറാ ബാങ്ക് മാനേജർ കെ. എസ് . സ്വപ്ന തന്റെ രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കി ബാങ്ക് കെട്ടിടത്തിൽ തൂങ്ങിമരിച്ചത് സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ്. ഭർത്താവ് അകാലത്തിൽ മരിച്ചു. ജോലിയിലെ അമിത സമ്മർദ്ദം സഹിക്കാതെയാണ് അവർ ജീവനൊടുക്കിയതെന്നാണ് വാർത്തകൾ.
ബാങ്ക് ജീവനക്കാരെ വെള്ളക്കോളർ ജോലിക്കാരെന്നാണ് സമൂഹം പൊതുവെ കാണുന്നത്. എന്നാൽ ഇത്തരം വാർത്തകൾ നമുക്ക് നല്‌കുന്ന സന്ദേശം എന്താണ്? അണിയറയിൽ ജോലിയിലെ സമ്മർദ്ദത്താൽ ശ്വാസംമുട്ടി ജീവിക്കുന്ന നിസഹായരായ കുറെ മനുഷ്യരുടെ ദുസ്സഹമായ ജീവിതം! . ഇവരെ പൊതുസമൂഹം കാണാതെ പോവുകയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മേലാളന്മാർ നൽകുന്ന എത്തിപ്പിടിക്കാൻ കഴിയാത്ത ടാർഗെറ്റുകളിൽ ജീവനൊടുക്കേണ്ടി വരുന്നവരും നിരവധി. ഒരു വർഷത്തിനിടെ മൂന്ന് ബാങ്ക് മാനേജർമാർ ഇതുപോലെ ആത്മഹത്യയിൽ അഭയം തേടിയിട്ടുണ്ടെന്നാണ് സംഘടനകൾ നൽകുന്ന കണക്ക്. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ് പലപ്പോഴും ന്യൂജെൻ ബാങ്ക് ഉൾപ്പടെയുള്ളവയുടെ തലപ്പത്ത് എത്തുന്നത്. ബി.ടെക്, എം.ടെക്, എം.ബി.എ പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവരാണ് ഇന്ന് ബാങ്കിംഗ് മേഖലയിൽ എത്തുന്നവരിൽ ഭൂരിഭാഗവും. ഈ രംഗത്ത് നിന്നെത്തുന്ന മേധാവികളുടെ ചില പെരുമാറ്റ രീതികൾ കണക്കുകളുടെ സമ്മർദ്ദ ലോകത്ത് മാത്രം ജീവിക്കുന്ന ബാങ്ക് ജീവനക്കാർക്ക് പലപ്പോഴും ഉൾക്കൊള്ളാൻ കഴിയാറില്ലെന്നും അനുഭവസ്ഥർ പറയുന്നു.
സ്വപ്നയുടെ ജീവത്യാഗം ഈ മേഖലയിലെ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദത്തിന്റെ ഭീകര ആഴം വ്യക്തമാക്കുന്നു. എന്നാലിത് ഒടുവിലത്തെ ദുരന്തം എന്ന നിലയിൽ കാണാൻ കഴിയില്ല.
മരണ കാരണം ജോലി സംബന്ധമായ മാനസിക സമ്മർദ്ദമാണെന്ന് സ്വപ്‌നയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. രണ്ട് മക്കളെ അനാഥരാക്കി സ്വപ്ന ഈ കടുംകൈ ചെയ്യാൻ തയാറായത് അവർ അത്രയും സമ്മർദ്ദം അനുഭവിച്ചിരുന്നു എന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിക്ഷേപം, വായ്‌പ, ഇൻഷ്വറൻസ്, മെഡിക്കൽ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, ഫാസ്റ്റ് ടാഗ് എന്നിങ്ങനെ ദിനംപ്രതിയുള്ള ടാർഗെറ്റുകളാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്നാണ് ജീവനക്കാരുടെ വാദം. കൊവിഡ് പ്രതിസന്ധിയിലും ടാർഗെറ്റ് പൂർത്തിയാക്കാനാണ് സമ്മർദ്ദം. അതേസമയം ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നുമുണ്ട്. അശാസ്ത്രീയ പരിഷ്‌കാരങ്ങളുടെ ഫലമായി കൗണ്ടറിൽ ഇരിക്കുന്നയാൾ മുതൽ ഉയർന്ന തസ്തികയിലുള്ളവർ വരെ ജോലി സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു.
ബാങ്ക് ലയനങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാണ്. ബാങ്കുകളുടെ ലയനത്തിനു ശേഷം രാജ്യവ്യാപകമായി ശാഖകൾ പൂട്ടുന്ന പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ഇടപാടുകാർക്ക് വേണ്ട മുന്നറിയിപ്പ് നൽകാതെ, ആർ.ബി.ഐ അനുശാസിക്കുന്ന നോട്ടീസ് നൽകാതെ, ശാഖകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതും, ഇരിപ്പിടങ്ങളോ സ്ഥലസൗകര്യങ്ങളോ ഇല്ലാത്ത മറ്റൊരു ശാഖയിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് ജീവനക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്.
നിഷ്‌ക്രിയ ആസ്‌തി വർദ്ധിപ്പിക്കാതിരിക്കാൻ വഴിവിട്ട വായ്‌പാ ക്രമീകരണങ്ങൾ ഭീഷണിപ്പെടുത്തി ചെയ്യിക്കുന്നു. ലയനത്തിനു ശേഷമുള്ള കണക്ടിവിറ്റി പ്രശ്‌നങ്ങൾ സങ്കീർണമാണ്. ഇത് ഇടപാടുകാരെ അകറ്റുന്നുണ്ട്. ആഗോളവത്കരണ നയങ്ങളുടെ ഭാഗമായ ലാഭത്വരയെന്ന ശൈലീമാറ്റം പൊതുമേഖലാ, ഷെഡ്യൂൾഡ് ബാങ്കുകളിലും വ്യാപകമാണ്.
1991 വരെ പരിപൂർണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. പിന്നീട് നയങ്ങൾ മാറിയതോടെ കേന്ദ്രസർക്കാർ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്തു. അതോടൊപ്പം പുതിയ ഒരു ബാങ്കിംഗ് സംസ്‌കാരത്തിനും തുടക്കം കുറിച്ചു. പുതുമയുടെ സ്വരം ചേർത്ത് നവ സ്വകാര്യ ബാങ്കുകൾ രൂപം കൊണ്ടു. അതോടൊപ്പം ഒരു 'നവ' തൊഴിൽ നയവും പിറവിയെടുത്തു. വളരെ വേഗം അത് പൊതുമേഖലയെയും ബാധിച്ചു.
ലാഭം കൂട്ടാൻ മാർഗങ്ങൾ പലതും വന്നു. ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ബാങ്കുകൾക്കുള്ളിൽ ബാങ്കിംഗ് ഇതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യമേറി. സേവനം എന്ന വാക്ക് എല്ലാ മേഖലകളിലും അസ്തമിച്ചു. പ്രോഡക്ടും ടാർഗെറ്റും ബാങ്കിംഗ് മേഖലയിലെ നിത്യപദങ്ങളായി മാറി. ജീവനക്കാരുടെ എണ്ണം കുറച്ചു, ജോലിഭാരം ഏറി. മേലാളൻമാർക്ക് മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ദിനംപ്രതി ഭീഷണി രൂപത്തിൽ എത്തി. അത് സ്വരവും രൂപവും മാറ്റി കീഴധികാരികളിലേക്ക് പകർന്നൊഴുകി. പലർക്കും പിടിച്ചു നിൽക്കാനായില്ല. ചിലർ പണി ഉപേക്ഷിച്ചു. ചിലർ ജീവിതം തന്നെ ഉപേക്ഷിക്കുന്നു.
സർക്കാർ ബാങ്കുകളുടെ എണ്ണം കുറച്ച്, വണ്ണം കൂട്ടി അതിനെ പൂർണമായും വിൽക്കുകയാണ്, കേന്ദ്ര സർക്കാർ. അതോടൊപ്പം തൊഴിൽ നയങ്ങളും ഉടച്ചുവാർക്കുകയാണ്.