നീലേശ്വരം: രാഷ്ട്രീയ പ്രചാരണത്തിനായി ആചാര സ്ഥാനികരെ അവഹേളിച്ചതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആചാര സ്ഥാനികരായ കോമരങ്ങളെയും ,വെളിച്ചപ്പാടന്മാരെയും അവഹേളിച്ചു കൊണ്ട് നടന്ന പരിപാടി രാഷ്ട്രീയ പ്രവർത്തനമല്ലെന്നും ഇതിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്നും ഇവർ പറഞ്ഞു.

മലബാറിലെ സമൂഹവും സമുദായങ്ങളും ദേവതയുടെ പ്രതിരൂപമായാണ് കോമരങ്ങളെയും വെളിച്ചപ്പാടന്മാരെയും കാണുന്നത്. കോമരങ്ങളുടെ വേഷംകെട്ടി അവരെ അപഹാസ്യരാക്കിയും അസഭ്യം പറഞ്ഞും രാഷ്ട്രീയ പ്രചാരണം നടത്തുന്നവർ മലബാറിലെ ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ പ്രചാരണത്തിനായി ആചാര സ്ഥാനികരെ അവഹേളിച്ചതിനെതിരെ മറ്റ് സമുദായങ്ങളെ യോജിപ്പിച്ച് കൊണ്ട് നിയമ നടപടി സ്വീകരിക്കുമെന്ന് തീയ്യ ക്ഷേമസഭ ഭാരവാഹികളായ വി.വി. വിനോദൻ തുരുത്തി, സൂരജ് തലക്കോട്ട്, ഹാജി നീലേശ്വരം, ദാമോദരൻ പത്തിലക്കണ്ടം, മോഹനൻ കുന്നത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.