കാഞ്ഞങ്ങാട്: 38 വർഷം മുമ്പ് പഠിപ്പിച്ച അദ്ധ്യാപകനും അന്നത്തെ സഹപാഠികളും കരുവഞ്ചാൽ കാവുംകുടിയിലെ രമണിക്ക് വിഷുക്കൈനീട്ടമായി നൽകിയത് അടച്ചുറപ്പുള്ള വീട്. എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജ് പ്രഥമ പ്രീഡിഗ്രി ബാച്ചിന്റെ ക്ലാസ്‌മേറ്റ് കൂട്ടായ്മയാണ് രമണിക്കും മകൾക്കും വിഷുക്കൈനീട്ടമായി മനോഹരമായ സ്‌നേഹവീട് നിർമ്മിച്ചു നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ ഞായറാഴ്ച പാലുകാച്ചൽ നടന്നു.
എളേരിത്തട്ട് കോളേജിലെ പ്രഥമ ഡിഗ്രിക്ളാസിൽ നന്നായി പഠിക്കുന്ന വിദ്യാർത്ഥിനിയായിരുന്നു രമണി. പ്രാരബ്ധമേറിയ ജീവിതത്തിൽ ഒന്നിനു പിറകെ ഒന്നായി തിരിച്ചടികൾ നേരിട്ട രമണിയും കുടുംബവും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ ഒരു കുടിലിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ആദ്യം മകനും പിന്നാലെ ഭർത്താവും മരിച്ചതോടെ മകൾ മാത്രമായി കൂട്ടിന്. കാവുംകുടിയിലെ അഞ്ചുസെന്റ് ഭൂമിയിൽ പ്രായപൂർത്തിയായ മകളുമായി ദുരിതജീവിതം നയിച്ചു വരുന്നതിനിടയിലാണ് കോളേജിലെ പഴയ കൂട്ടുകാരും പഠിപ്പിച്ച അദ്ധ്യാപകനും ഈ ജീവിതകഥ അറിയുന്നത്. നാട്ടിലും വിദേശത്തും ആയി ജോലി ചെയ്യുന്ന സഹപാഠികൾ പഴയ കൂട്ടുകാരിയെ സഹായിക്കാൻ രംഗത്തുവന്നു. വീട് നിർമ്മാണകമ്മറ്റി രൂപീകരിച്ച് കാവുംകുടിയിൽ എത്തി നാട്ടുകാരുടെയും വാർഡ് മെമ്പറുടെയും സഹകരണത്തോടെ വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു.
ആറു ലക്ഷം രൂപയോളം ചിലവഴിച്ച് രണ്ട് കിടപ്പുമുറികൾ, അടുക്കള, ഹാൾ, ബാത്ത് റൂം സൗകര്യം എന്നിവ അടങ്ങിയ കോൺക്രീറ്റ് വീടാണ് നിർമ്മിച്ചുനൽകിയത്. താക്കോൽ കഴിഞ്ഞദിവസം ക്ലാസ് മേറ്റ് ടീം കൈമാറിയപ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു ഈ വീട്ടമ്മ.
രമണിയുടെ അന്നത്തെ ഹിന്ദി അദ്ധ്യാപകനും എളേരിത്തട്ട് ഇ.കെ. നായനാർ കോളേജിലെ റിട്ട. പ്രിൻസിപ്പാളുമായ പ്രൊഫ. സലിം കുമാർ വീടിന്റെ താക്കോൽ രമണിക്കു കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർ നിഷാ ബിനു അദ്ധ്യക്ഷത വഹിച്ചു. ടി.കെ. നാരായണൻ, പി. സുബാഷ്, എം.വി. ജോസഫ്. കെ.എ. രാധ, മേരി, റിട്ട. എസ്.ഐ. കെ.ഡി. സുകുമാരൻ, ജെയ്‌സമ്മ, ഇ.കെ. രാജേന്ദ്രൻ, മാമച്ചൻ എന്നിവർ പ്രസംഗിച്ചു.