തൃക്കരിപ്പൂർ: കാലാകാലങ്ങളായി സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന തൃക്കരിപ്പൂരിലെ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസിന് പുതിയ കെട്ടിടമൊരുങ്ങുന്നു. ഇളമ്പച്ചി മിനി എസ്റ്റേറ്റിന് അഭിമുഖമായി നേരത്തെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ച പത്തു സെന്റ് സ്ഥലത്താണ് ഇരുനില കെട്ടിടത്തിന്റെ പണി നടക്കുന്നത്. 75 ലക്ഷം രൂപ എസ്റ്റിമേറ്റിലാണ് കെട്ടിടം പണി പൂർത്തിയാക്കുക. നിലവിൽ തങ്കയം മുക്ക് പരിസരത്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനം പുതിയ കെട്ടിടം പണി പൂർത്തിയാകുന്നതോടെ ഇവിടേക്ക് മാറും.

ഇരുനിലകളിലായി പണിയുന്ന കെട്ടിടത്തിൽ അസിസ്റ്റന്റ് എൻജിനീയർക്കുള്ള ഓഫീസ് മുറി, സബ് എൻജിനീയർ, ഓവർസിയർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ ഓഫീസ് മുറി, സ്റ്റാഫ് റൂം, ബിൽ കലക്ഷനുള്ള കൗണ്ടർ തുടങ്ങിയവ പ്രത്യേകമായുണ്ട്. കെട്ടിടം പണിയാൻ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ച സ്ഥലം മതിൽകെട്ടിനുള്ളിലാക്കിയിട്ട് ദശാബ്ദങ്ങളായെങ്കിലും കെട്ടിടം പണി നടന്നില്ല. ചൊവ്വേരിയിലെ ഒരു വാടക വീട് കേന്ദ്രീകരിച്ചാണ് വൈദ്യുതി ഓഫീസിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീടാണത് കുറച്ചുകൂടി സൗകര്യമുള്ള തങ്കയം മുക്ക് പരിസരത്തേക്ക് മാറിയത്.

22000ത്തോളം കൺസ്യൂമർ

ഓഫീസ് ജീവനക്കാർ കുറവ്

ഓഫീസിൽ സ്വന്തം വാഹനമില്ല

ലൈനുകൾ പഴകി ദ്രവിച്ചത്

കെട്ടിടം പൂർത്തിയാകുന്നതോടെ സ്ഥാപനം സബ് സെന്ററാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന് പുറമെ പടന്നയുടെയും ,വലിയപറമ്പ് ദ്വീപ് പഞ്ചായത്തിലും ഭാഗികമായി വൈദ്യുതി വിതരണം ഈ ഓഫീസ് കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ഇളമ്പച്ചിയിലെ 33 കെ.വി സബ് സ്റ്റേഷനിൽ നിന്നും വിവിധ കപ്പാസിറ്റിയുള്ള 90 ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാണ് നിലവിൽ വൈദ്യുതി വിതരണം നടത്തുന്നത്. കിലോമീറ്ററുകളോളം എച്ച്.ടി, എൽ.ടി ലൈനുകൾ പഴയകാലത്ത് സ്ഥാപിച്ചതാണ്. ഇത് പലയിടങ്ങളിലും മാറ്റി സ്ഥാപിക്കേണ്ടതുമുണ്ട്.