കാസർകോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ഫുട്ബാൾ കളിക്കിടെ അക്രമം. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരേയും കയ്യേറ്റമുണ്ടായി. പൊലീസ് കൺട്രോൾ റൂമിന്റെ വാഹനവും തകർത്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണ് സംഭവം. കസബ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്നതിനിടെയാണ് ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് സംഘട്ടനത്തിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് കാസർകോട് സി.ഐ. കെ.ബാബു, എസ്.ഐമാരായ കെ. ഷാജു, ഷേക്ക് അബ്ദുൽ റസാക്ക് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി രംഗം ശാന്തമാക്കുന്നതിനിടെയാണ് പൊലീസ് കൺട്രോൾ റൂം വാഹനത്തിന് നേരേ അക്രമമുണ്ടായത്. പൊലീസ് പിന്നീട് സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുകയായിരുന്നു.