ഇരിട്ടി: വർഷങ്ങളായി ഇരിട്ടി പട്ടണം അനുഭവിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി, ഇരിട്ടിയിലെ ജനങ്ങളുടെ സ്വപ്നമായ പാലം ഇന്നലെ രാവിലെ 11 മണിയോടെ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ 88 വർഷം ഭാരം താങ്ങി തളർന്ന 1933 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയപാലം ചരിത്രത്തിന്റെ ഭാഗമായി.
നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ പാലത്തിലൂടെ ആദ്യം നടന്നു. തുടർന്ന് എം.എൽ.എയുടെയും ചെയർപേഴ്സണിന്റെയും വാഹനങ്ങൾ പാലത്തിലൂടെ ആദ്യം കടത്തിവിട്ടാണ് പാലം തുറന്ന് കൊടുത്തത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മറ്റ് ആഘോഷങ്ങളൊന്നുമുണ്ടായില്ല. എന്നാൽ പടക്കം പൊട്ടിച്ച് ജനം ഉദ്ഘാടനം ആഘോഷിച്ചു. വൻ ജനാവലിയാണ് പാലം തുറന്നുകൊടുക്കുന്ന സമയത്ത് ഇവിടെയെത്തിയത്.
സണ്ണി ജോസഫ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത എന്നിവർക്ക് പുറമെ നഗരസഭ വൈസ് ചെയർമാൻ പി.പി ഉസ്മാൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പാലം തുറന്നുകൊടുക്കുന്ന സമയത്ത് സന്നിഹിതരായിരുന്നു.