vege

കണ്ണൂർ: നോൺ വെജ് വിഭവങ്ങൾ ഒരുക്കാൻ അല്പം പ്രയാസപ്പെടുമെങ്കിലും പച്ചക്കറി വില ഇടിഞ്ഞത് ഇത്തവണ വിഷുസദ്യയ്ക്ക് ആശ്വാസമാകും. ചിക്കനും മത്സ്യത്തിനും കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിലാണ് വില വർദ്ധിച്ചത്. ഉത്പാദനം വർദ്ധിച്ചതാണ് പച്ചക്കറി വിലയിൽ ആശ്വാസം പകർന്നത്.

കഴിഞ്ഞാഴ്ച്ച വരെ 120 രൂപയുണ്ടായിരുന്ന ചിക്കന് നാൽപത് രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വിലയുയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉപഭോഗം കൂടിയതും കോഴികളുടെ ക്ഷാമവുമാണ് വിലകൂടാൻ കാരണം. ചൂട് കൂടിയതോടെ കോഴികൾ ചത്തുപോകുന്നതും വില വർദ്ധനയ്ക്ക് പിന്നിലുണ്ട്. മട്ടന് 700, ബീഫിന് 300 എന്നിങ്ങനെ പോകുന്നു വില.

അതേസമയം ചെറിയ ഉള്ളിയുടെയും സവാളയുടെയും വില കുറഞ്ഞു. കിലോയ്ക്ക് 100 രൂപ വരെ ഉണ്ടായ ചെറിയ ഉള്ളിക്ക് 70 മുതൽ 80 വരെയാണ് ഇപ്പോൾ വില. സവാളയ്ക്ക് 20, തക്കാളി 16, കാരറ്റ് 40, വെണ്ടയ്ക്ക 50, മുരിങ്ങക്കായ 50, ഇഞ്ചി 100, പടവലങ്ങ 60, പച്ചമുളക് 70, കോവയ്ക്ക 50, പാവയ്ക്ക 60, വെള്ളരി 28, കാബേജ് 40, ബീൻസ് 50, കോട്ടപയർ 50, എന്നിങ്ങനെയാണ് വില.