കാസർകോട്: ജില്ലയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ സംഭവം. കാറിലെത്തിയ സംഘം പെർള ചെക്ക് പോസ്റ്റിന് സമീപത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. സ്വർണ്ണ ഇടപാടിനെ ചൊല്ലിയെന്നാണ് സൂചന.

പെർള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ഇതുസംബന്ധിച്ച് മാതാവ് ഫാത്തിമത്ത് സുഹറ നൽകിയ പരാതിയിൽ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രാത്രി ഏഴ് മണിയോടെ വെള്ള നിറത്തിലുള്ള ഇയോൺ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും നെല്ലിക്കട്ട സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.

അബ്ബാസിന്റെ സഹോദരനുമായി ബന്ധപ്പെട്ട സ്വർണ്ണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അബ്ബാസും സഹോദരനും എറണാകുളത്ത് ജോലി ചെയ്തുവരികയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇവർ നാട്ടിലെത്തിയത്. അബ്ബാസ് വൈകിട്ട് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സംഘം നിരീക്ഷിച്ചുകൊണ്ടിരുന്നതായും സംശയിക്കുന്നു. പിന്നീട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. അബ്ബാസിന്റെ സഹോദരനെ വിളിച്ച് സംഘം ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. ജില്ലയിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതുമായ സംഭവങ്ങൾ ഏറിവരികയാണ്. ഏതാനും ദിവസം മുമ്പ് ബദിയടുക്ക പാടലടുക്കയിൽ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതും സ്വർണ്ണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു. സംഭവത്തിൽ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളേ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.