കാസർകോട്: നഗരത്തിൽ വീണ്ടും കവർച്ച. പഴയ ബസ് സ്റ്റാൻഡ് മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് 20,000 രൂപ കവർന്നു. കാസർകോട്ടെ പ്രമുഖ ബുക്ക് സ്റ്റാൾ ഉടമയും പത്ര ഏജന്റുമായ ബി.എച്ച് അബൂബക്കർ സിദ്ദീഖിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന യു.കെ.ടു ഫ്രഷ് ഫ്രൂട്ട്സ് കടയിലാണ് കവർച്ച നടന്നത്. രാത്രി 11 മണിയോടെ പൂട്ടിയതായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ ജീവനക്കാരൻ ബോവിക്കാനത്തെ വെങ്കടേഷ് എത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. മുകൾ ഭാഗത്തെ പ്ളൈവുഡ് ഇളക്കിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് കാസർകോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസം മുമ്പ് കാസർകോട് നഗരത്തിലെ മൂന്ന് കടകളിൽ കവർച്ച നടന്നിരുന്നു. ഈ കവർച്ചാകേസിൽ പ്രതികളെയൊന്നും അറസ്റ്റ് ചെയ്യാനായിട്ടില്ല.