പാനൂർ: പുല്ലൂക്കര മുക്കിൽപ്പീടികയിൽ മൻസൂർ വധത്തിൽ സി.പി.എം നേതാക്കളുടെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതിന്റെ തെളിവാണ് ഈ കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം. രതീഷിനെ ചോദ്യം ചെയ്താൽ ഉന്നതതല ഗൂഢാലോചന വെളിപ്പെടുമെന്നതിനാൽ പാർട്ടി കേന്ദ്രത്തിൽ സംരക്ഷണമെന്ന വ്യാജേന കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ആന്തരിക അവയവങ്ങൾക്കുള്ള ക്ഷതവും മൂക്കിനുള്ള പരിക്കുകളും ഇതിന്റെ തെളിവുകളാണ്. നാലാം പ്രതി ശ്രീരാഗും രതീഷും ഒളിത്താവളത്തിൽ ഒന്നിച്ചുു കഴിഞ്ഞതിനുള്ള തെളിവുകളുംം പുറത്തുവരികയാണ്. ഇതെല്ലാം കൃത്യമായ പ്ലാനിംഗിന്റെ ഭാഗമാണ്. മുൻ പാനൂർ ബ്ലോക്ക് പഞ്ചാായത്ത് പ്രസിഡന്റും പെരിങ്ങളം ലോക്കൽ സെക്രട്ടറിയുമായ അനൂപ്, വട്ടക്കണ്ടി ഇബ്രാഹിം എന്നിവരുടെ പങ്കും അന്വേഷിക്കേണ്ടതാണ്.
മുക്കിൽപീടിക സി.പി.എം ഓഫീസ് കേന്ദ്രീകരിച്ച് ഈ അക്രമകാരികളെ സംഘടിപ്പിച്ചതും കൃത്യം നടത്തിയതിനു ശേഷം അവരെ സുരക്ഷിത താവളത്തിൽ എത്തിച്ചതും പാർട്ടി ഏല്പിച്ച ഉന്നതന്മാരാണ്. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിന് സ്വന്തം പാർട്ടിക്കാരനെ വകവരുത്തുകയും ചെയ്ത ശേഷം സമാധാന സന്ദേശ യാത്ര നടത്തുന്ന സി.പി.എം യഥാർത്ഥത്തിൽ കൊലപാതക സംരക്ഷണ യാത്രയാണ് നടത്തുന്നതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. വാർത്ത സമ്മേളനത്തിൽ കെ.പി. സാജു. കാട്ടൂർ മുഹമ്മദ്, പി.പി.എ സലാം, പി.കെ. ഷാഹുൽ ഹമീദ്, കെ.പി ഹാഷിം, നജാഫ് എന്നിവർ പങ്കെടുത്തു.