kuttikal
ശിവന്തും സിദ്ദാർത്ഥും

പാനൂർ: മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് ജീവിതത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന രണ്ടു കുരുന്നുകൾ നൊമ്പര കാഴ്ചയാകുന്നു. പാനൂരിനടുത്ത തൂവ്വക്കുന്നിലെ കിഴക്കേന്റവിട മനോജിന്റെയും സജിനിയുടെയും മക്കളായ 11കാരൻ ശിവന്തും എട്ടുവയസുകാരൻ സിദ്ധർത്ഥുമാണ് പ്രദേശവാസികൾക്ക് വേദനിപ്പിക്കുന്ന കാഴ്ചയാകുന്നത്.
തൂവ്വക്കുന്ന് എലിസിയം ലൈബ്രറിക്ക് സമീപത്തെ കിഴക്കേന്റവിട മനോജ് ഫർണിച്ചർ തൊഴിലാളിയായിരുന്നു. വീട്ടമ്മയായ ഭാര്യ സജിത അർബുദത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കാലിനു തരിപ്പ് അനുഭവപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജും കഴിഞ്ഞ മാർച്ച് 21ന് മരിച്ചു.

കൊളവല്ലൂർ യു.പി സ്‌കൂൾ ആറാംക്ലാസ് വിദ്യാർത്ഥിയാണ് ശിവന്ത്. സിദ്ധാർത്ഥ് തൂവക്കുന്ന് എൽ.പി സ്‌കൂൾ മൂന്നാം തരം വിദ്യാർത്ഥിയും. ജീർണ്ണാവസ്ഥയിലുള്ള പഴയ വീട്ടിൽ അമ്മൂമ്മയുടെ കൂടെയാണ് ഇവരുടെ ഇപ്പോഴത്തെ താമസം.
തകർന്ന് വീഴാറായ വീട് പുതുക്കിപ്പണിയാനും കുട്ടികളുടെ സംരക്ഷണത്തിനുമായി നാട്ടുകാർ കുടുംബ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുന്നോത്തുപറമ്പ് പഞ്ചായത്തംഗം എൻ.പി. അനിത ചെയർമാനും എം. ബാലകൃഷ്ണൻ കൺവീനറും മുൻ പഞ്ചായത്ത് അംഗം എം. സുകുമാരൻ ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
കല്ലിക്കണ്ടി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ ഇവരുടെ കുടുംബത്തെ സഹായിക്കാനായി അക്കൗണ്ട് തുറന്നിട്ടുണ്ട്. സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് കുടുംബ സഹായ സമിതി. അക്കൗണ്ട് നമ്പർ 40446101077300 (ഐ.എഫ്.എസ്.സി. കോഡ് KLGBO040446). ഫോൺ- 9446836176.