പാപ്പിനിശ്ശേരി: വാഹനങ്ങൾ യാതൊരു ട്രാഫിക് ചട്ടങ്ങളും പാലിക്കാതെ തലങ്ങും വിലങ്ങും ഓടിക്കയറി പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയിൽ സൃഷ്ടിക്കുന്ന ഗതാഗത കുരുക്കിൽ പൊറുതിമുട്ടി ജനം. ഇത്തരം നിയമലംഘനത്തിലൂടെ നിത്യേന സൃഷ്ടിക്കുന്ന കുരുക്കിൽ അത്യാസന്ന രോഗികളുടെ ജീവൻ പോലും അപകടത്തിലാകുകയാണ്.

തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പ് ഭാഗത്ത് നിന്നും അത്യാസന്ന രോഗിയായ കുട്ടിയേയും കൊണ്ട് കണ്ണൂരിലേക്ക് തിരിച്ച ഒരു കാർ ഒരു മണിക്കൂറോളം കുരുക്കിൽ കുടുങ്ങിയതിനു ശേഷമാണ് നാട്ടുകാരുടെ ഇടപെടലിൽ കുരുക്കിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് വിട്ടത്. ബസുകളടക്കമുള്ള വാഹനങ്ങൾ രണ്ടും മൂന്നും മണിക്കുറുകളാണ് തിങ്കളാഴ്ച കുരുക്കിൽ കിടന്നത്. അതോടെ പല ട്രിപ്പുകളും മുടക്കേണ്ടി വന്നതായി ബസ് ജീവനക്കാർ പറയുന്നു.
പാപ്പിനിശ്ശേരി ദേശീയപാതയിലേക്ക് പഴയങ്ങാടി ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് നിന്നും പഴയങ്ങാടി റോഡ് കവല വഴിയും കടക്കുന്നുണ്ട്. വലിയ വാഹനങ്ങൾ എല്ലാം ചുങ്കം വഴി കടന്നു പോകണമെന്നാണ് പൊലീസ് നിർദ്ദേശമെങ്കിലും ഇത് പലപ്പോഴും അട്ടിമറിക്കപ്പെടുകയാണ്.

പൊലീസിന്റെ സാന്നിദ്ധ്യമുള്ള സമയങ്ങളിൽ ഈ കാര്യത്തിൽ ചെറിയ തോതിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെങ്കിലും പലപ്പോഴും വാഹനങ്ങൾ തോന്നും പടിയാണ് പാതയിലേക്ക് കടക്കുന്നത്. കണ്ണൂർ ഭാഗത്തേക്ക് വാഹനങ്ങൾ രണ്ടു വരിക്കുപകരം നാലും അഞ്ചും വരിയായി പാതയിലൂടെ നീങ്ങാൻ തിരക്കുകൂട്ടുന്നതോടെ തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും സാധിക്കാതെ പാത പൂർണമായി നിശ്ചലമാകുകയാണ്.
പാപ്പിനിശ്ശേരി പഞ്ചായത്ത് മുതൽ പുതിയതെരു മണ്ഡപം വരെയുള്ള ഭാഗത്താണ് കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ പതിവായി യാത്ര ദുസ്സഹമാകുന്നത്.