തലശ്ശേരി: മഹാമാരിയെ പ്രതിരോധിക്കാൻ എല്ലാം മറന്ന് നാട് ഒന്നിക്കുമ്പോൾ, മുസ്ലിം ലീഗിന്റെ പ്രകോപനങ്ങളിൽ അകപ്പെട്ട് നാട്ടിൽ ശത്രുതയും, വിദ്വേഷവും, പകയുമുണ്ടാക്കാൻ യു.ഡി.എഫ് മുതിരരുതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. എൽ.ഡി.എഫ്. സമാധാന സന്ദേശ പദയാത്രയുടെ സമാപനം പെരിങ്ങത്തൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാനൂരിൽ വന്ന് ക്രിമിനൽ സംഘത്തെ പ്രോത്സാഹിപ്പിക്കുകയാണ്. യു.ഡി.എഫ്. സമാധാനയോഗം ബഹിഷ്‌ക്കരിക്കുകയും, അണികളിൽ വെറുപ്പും വിദ്വേഷവും പടർത്താൻ ശ്രമിക്കുമ്പോഴും, ജനങ്ങൾ ഒറ്റക്കെട്ടായി സമാധാനത്തിന് മുന്നിട്ടിറങ്ങിയാൽ അത് നടപ്പിലാക്കുമെന്ന് ഇ.പി. പറഞ്ഞു.
കടവത്തൂരിൽ സി.പി.എം.ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങളത്ത് പി. ജയരാജൻ പ്രസംഗിച്ചു.