bund
കണിച്ചിറ തോടിന് കെട്ടിയ ബണ്ട് പൊട്ടിയ നിലയിൽ

നീലേശ്വരം: നഗരസഭയിലെ കണിച്ചിറ വാർഡിൽ ഉപ്പ് വെള്ളം കയറി മൂന്ന് ഏക്കറോളം നെൽകൃഷി നശിച്ചു.ഇതോടെ ഇവിടെ കൃഷി ചെയ്ത കർഷകരുടെ ഒരു വർഷത്തെ അദ്ധ്വാനവും പാഴായി.മൂന്ന് വിളയെടുക്കുന്ന വയലിൽ മൂന്നാം തവണയാണ് ഉപ്പ് വെളളം കയറി കൃഷി നശിക്കുന്നത്. കണിച്ചിറ തോടിനുള്ള ബണ്ടും കുർക്കാളി ബണ്ടുമാണ് ശക്തമായ വേലിയേറ്റത്തിൽ ഈ വർഷവും തകർന്നത്.

വേലിയേറ്റം വരുന്നതിന് മുമ്പ് തന്നെ വാർഡ് കൗൺസിലർ കെ.പ്രീതയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബണ്ട് മണൽചാക്ക് കെട്ടി മണ്ണിട്ട് ഉറപ്പാക്കിയിരുന്നു.എന്നാൽ ഈ വർഷത്തെ ശക്തമായ വേലിയേറ്റത്തിൽ രണ്ട് ബണ്ടും തകരുകയായിരുന്നു.ഇതോടെ കടം വാങ്ങിയും മറ്റും കൃഷി ചെയ്ത കർഷകർ കടക്കെണിയിലായി.

ഓർച്ച പുഴക്ക് കരിങ്കൽ ഭിത്തി കെട്ടിയാൽ മാത്രമെ ഈ ഭാഗങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാനാവുകയുള്ളുവെന്ന് നാട്ടുകാർ പറയുന്നു.ഇതിനായി നീലേശ്വരം നഗരസഭ അധികൃതരും എം.രാജഗോപാലൻ എം.എൽ.എയും മൈനർ, മേണ്ടർ ഇറിഗേഷൻ വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. എസ്റ്റിമേറ്റ് എടുത്തതല്ലാതെ തുടർ നടപടിയൊന്നുമുണ്ടായില്ല. നാട്ടുകാർ വർഷം തോറും കൃഷി സംരംക്ഷിക്കാൻ കയ്യിൽ നിന്ന് കാശ് മുടക്കി ബണ്ട് കെട്ടിയാലും വേലിയേറ്റത്തിൽ തകരുകയാണ് പതിവ്.