ksrtc

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കോടുന്ന കണ്ണൂർ എയർപോർട്ട് ബസ് സർവ്വീസ് കെ. എസ്. ആർ.ടി.സിക്ക് ബാദ്ധ്യതയാകുന്നു. ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കർശന നിയന്ത്രണം തുടങ്ങിയതോടെ വേനലവധിക്ക് പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത് കുറഞ്ഞതാണ് കെ.എസ്. ആർ..ടി..സിക്ക് തിരിച്ചടിയായത്.

കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽനിന്നും തലശേരി ഡിപ്പോയിൽനിന്നും കഴിഞ്ഞ ഫെബ്രുവരി 13 മുതലാണ് ലോ ഫ്‌ളോർ എ.സി സർക്കുലർ ബസുകൾ സർവീസ് ആരംഭിച്ചത്.ദിവസം പതിനായിരത്തിലധികം രൂപ ചെലവിട്ട് സർവീസ് നടത്തുമ്പോൾ പ്രതിദിന വരുമാനമായി 4,000ൽ താഴെ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ ബസ് വൻ നഷ്ടത്തിലാണ് ഓടുന്നത്.കണ്ണൂർ വിമാനത്താവളത്തെയും കണ്ണൂർ, തലശേരി റെയിൽവേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് സമാപിക്കുന്ന സർവീസ് വഴി പരമാവധി 4,000 രൂപവരെ മാത്രമേ യാത്രാക്കൂലി ഇനത്തിൽ ലഭിക്കുന്നുള്ളൂ.

ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് ഡബിൾ ഡ്യൂട്ടിയാണ്. ഇവരുടെ ശമ്പള ഇനത്തിൽ മാത്രം ദിവസം നാലായിരം രൂപയോളം നൽകണം.

5,000 രൂപയോളം ഇന്ധനത്തിന് ചെലവ് വരും. എസി ലോ ഫ്‌ളോർ ബസ് എന്നനിലയിൽ ചിലവ് വെറേയും.

200 രൂപയാണ് ഒരു യാത്രക്കാരനിൽനിന്ന് ഈടാക്കുന്നത്. ലഗേജിന് മറ്റു ചാർജുകളൊന്നുമില്ല.

എന്നാൽ സാധാരണ ബസുകളിൽ 35 രൂപയ്ക്ക് യാത്രചെയ്യാമെന്നിരിക്കെ ഇത്രയും വലിയ തുക ഈടാക്കുന്നതിനാലാണ് എ.സി ലോ ഫ്‌ളോർ ബസിൽ യാത്രക്കാർ കയറാത്തതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

സർവ്വീസ് ഇങ്ങനെ

കണ്ണൂർ, തലശേരി ഡിപ്പോകളിൽനിന്ന് എയർപോർട്ടിലേക്ക് ബസ് പുറപ്പെടുന്ന സമയം പുലർച്ചെ 5.00, 8.30,

ഉച്ചകഴിഞ്ഞ് 2.30, 6.30.

എയർപോർട്ടിൽനിന്ന് കണ്ണൂർ, തലശേരി ഡിപ്പോകളിലേക്ക് ബസ് പുറപ്പെടുന്ന സമയം രാവിലെ 7.00, 12.00,

വൈകുന്നേരം 5.00, രാത്രി 10.00 എന്നിങ്ങനെയാണ്.