ship
f

 തകർന്നത് ബേപ്പൂരിൽ നിന്നുള്ള ബോട്ട്  ദുരന്തം മംഗളൂരു പുറംകടലിൽ

 രണ്ടു പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മീൻപിടിത്തത്തിനു പോയ ബോട്ടിൽ വിദേശ കപ്പലിടിച്ച് അന്യസംസ്ഥാനക്കാരായ മൂന്നു പേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. കാണാതായ ഒൻപതു പേർക്കായി തെരച്ചിൽ തുടരുന്നു. ബേപ്പൂരിലെ ജാഫറിന്റെ ഉടമസ്ഥതയിലുള്ള റബ്ബ എന്ന ബോട്ടാണ് മംഗളൂരു തുറമുഖത്തു നിന്ന് 60 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ അപകടത്തിൽപ്പെട്ടത്. ബോട്ടിൽ മലയാളികൾ ഉണ്ടായിരുന്നില്ല.

പശ്ചിമബംഗാൾ സ്വദേശി മണിക്‌ദാസ്, തമിഴ്‌നാട് കുളച്ചൽ സ്വദേശി അലക്‌സാണ്ടർ, ഇദ്ദേഹത്തിന്റെ ബന്ധു എന്നിവരുടെ മൃതദേഹം കോസ്റ്റ്ഗാർഡ് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി

സുനിൽദാസ്, തമിഴ്നാട് സ്വദേശി വേൽമുരുകൻ എന്നിവരെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു.

സിംഗപ്പൂരിൽ നിന്നുള്ള എം.വി എ.പി.എൽ ലീ ഹാവ് റേ എന്ന ചരക്കുകപ്പലാണ് ബോട്ടിൽ ഇടിച്ചതെന്നാണ് വിവരം. തകർന്ന ബോട്ട് ഏതാണ്ട് പൂർണമായും കടലിൽ താഴ്ന്ന നിലയിലാണ്. ബേപ്പൂർ തുറമുഖത്തു നിന്ന് ഞായറാഴ്ച രാത്രിയാണ് പത്തു ദിവസം കടലിൽ കഴിയാനുള്ള ഒരുക്കങ്ങളുമായി ബോട്ട് പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയുണ്ടായ അപകടം രാവിലെയാണ് മംഗളൂരു കോസ്റ്റ്ഗാർഡ് അധികൃതർ അറിഞ്ഞത്.

കോസ്റ്റ്ഗാർഡിന്റെ രാജ്ദൂത് എന്ന കപ്പലിനും നാവിക സേനാ ഹെലികോപ്ടറിനും പുറമെ മീൻപിടിത്ത ബോട്ടുകളും തെരച്ചിലിനുണ്ട്. മൊബൈൽ റേഞ്ച് ലഭിക്കാത്തതിനാൽ തീരത്തോടു ചേർന്ന് കപ്പൽ എത്തിയതാണ് അപകടത്തിനു കാരണമായതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. സ്രാങ്കുൾപ്പെടെ ബോട്ടിലുണ്ടായിരുന്ന 14 പേരിൽ ഏഴു പേർ തമിഴ്‌നാട് കുളച്ചൽ സ്വദേശികളാണ്; ഏഴു പേർ ബംഗാളികളും. കോഴിക്കോട് ജില്ലാ കളക്ടർ എസ്. സാംബശിവ റാവു മംഗലാപുരം കളക്ടറുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം വിലയിരുത്തി.