കാസർകോട്: ബേപ്പൂരിൽ നിന്നും പതിനാല് അന്യസംസ്ഥാന തൊഴിലാളികളുമായി മംഗളൂരു തീരത്തേക്ക് പുറപ്പെട്ട റബ്ബ എന്ന മത്സ്യബന്ധനബോട്ടിൽ സിംഗപ്പൂർ ചരക്കുകപ്പൽ ഇടിച്ചുണ്ടായ അപകടം ഈയിനത്തിൽ ആദ്യത്തേതല്ല. അംഗീകൃതപാത വിട്ട് സഞ്ചരിക്കുന്ന കപ്പലുകൾ കടലിനെ നന്നായി അറിയുന്ന തൊഴിലാളികളുടെ ജീവൻ എടുക്കുമ്പോൾ നിയമങ്ങളും നിയന്ത്രണസംവിധാനവുമെല്ലാം നോക്കുകുത്തിയാകുകയാണ്. മൂന്നു ജീവനുകൾ പൊലിയുകയും ഒൻപതുപേർക്കായി തിരച്ചിൽ തുടരുകയും ചെയ്യുമ്പോൾ വിലയില്ലാതാകുന്നത് മത്സ്യതൊഴിലാളികളുടെ ജീവിതഭദ്രത കൂടിയാണ്.
മംഗളൂരു തീരത്തോടടുപ്പിച്ച് ബോട്ടിൽ കപ്പലിടിക്കുന്നത് ഇതാദ്യമല്ല. സിഗ്നലുകളോ, മൊബൈൽ റേഞ്ചോ കിട്ടാതിരിക്കുമ്പോൾ തീരത്തോട് അടുപ്പിക്കുകയാണ് കപ്പിത്താൻമാർ. മീൻപിടിക്കാൻ കാതങ്ങൾ സഞ്ചരിച്ച് എത്തുന്ന ബോട്ടുകൾക്ക് ഭീമാകാരമായ കപ്പലുകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു പഴുതും ലഭിക്കാറുമില്ല.
മംഗളുരു പുറങ്കടൽ നൂറുകണക്കിന് ബോട്ടുകളിൽ മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്ന സ്ഥലമാണ്. മീൻ ലഭ്യത കൂടുതൽ ആയതിനാൽ കേരളത്തിൽ നിന്നുള്ള ധാരാളം ബോട്ടുകൾ ഇവിടേക്ക് ബോട്ടുമായി എത്താറുണ്ട്.
ഇടിക്കാൻ വരുന്ന കപ്പലുകളിൽ നിന്നും പലപ്പോഴായി രക്ഷപ്പെട്ട അനുഭവം മത്സ്യത്തൊഴിലാളികളിൽ പലരും പങ്കിടുന്നു. രാത്രികാലത്ത് എവിടെ നിന്ന് വരുന്ന കപ്പലാണ് എന്നൊന്നും അറിയാത്തതിനാൽ പരാതി നല്കാൻ പോകാറില്ല. എന്നാൽ നിരവധി തവണ പരാതി നൽകിയിട്ടും തെളിവില്ലാത്തതിന്റെ പേരിൽ അധികൃതർ നടപടി എടുത്തിട്ടില്ലെന്ന് ബോട്ടുടമകൾ പറയുന്നു.
ഔദ്യോഗിക സംവിധാനം ഇല്ലേയില്ല
രാജ്യാന്തര കപ്പൽച്ചാലിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കുന്നുള്ളൂ എന്നുറപ്പാക്കാൻ നടപടി വേണമെന്നു മൽസ്യത്തൊഴിലാളികൾ കാലാകാലങ്ങളായി ആവശ്യപ്പെടുന്നതാണ്. അറബിക്കടലിൽ ബോട്ടിൽ കപ്പലിടിക്കുന്നത് ഇതാദ്യമല്ല.2004 ഓഗസ്റ്റിൽ കൊച്ചിയിൽ നിന്നു സിംഗപ്പൂരിലേക്കുപോയ ദോഗവ എന്ന കപ്പൽ നീണ്ടകരയിൽ നിന്നു മീൻപിടിക്കാൻ പോയ ബോട്ടിൽ ഇടിച്ചപ്പോൾ മരിച്ചത് ഏഴു തൊഴിലാളികൾ.2007ലും 2010ലും സമാനമായ അപകടങ്ങളിൽ രണ്ടുപേർ വീതം മരിച്ചു.2012 ഫെബ്രുവരിയിലാണ് എന്റിക്ക ലെക്സി എന്ന കപ്പലിലെ സുരക്ഷാഭടൻമാരുടെ വെടിയേറ്റു രണ്ടു മൽസ്യബന്ധന തൊഴിലാളികൾ മരിച്ചു.ദിവസങ്ങൾക്കകം എംവി പ്രഭുദയ കപ്പൽ ചേർത്തല തീരത്തു ഡോൺ വൺ എന്ന ബോട്ടിൽ ഇടിച്ച് അഞ്ചു മത്സ്യത്തൊഴിലാളികൾ മരിച്ചു.കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറുഭാഗത്ത് അർഷിത എന്ന മൽസ്യബന്ധന ബോട്ടിനെ കപ്പൽ ഇടിച്ചുതകർത്തു. 15 തൊഴിലാളികൾക്കു പരുക്കേറ്റു.
കോഴിക്കോട്ടും രണ്ട് അപകടങ്ങളുണ്ടായി.
അപകടം ഇങ്ങനെ
മൊബൈൽ റേഞ്ച് കിട്ടാതാകുന്നു
റേഞ്ച് കിട്ടുന്നതിന് കരയിലേക്ക് കൂടുതൽ അടുപ്പിക്കുന്നു
കപ്പൽ ചാൽ വിട്ട് മീൻപിടിത്ത ബോട്ടുകൾ കേന്ദ്രീകരിക്കുന്ന ഭാഗത്തേക്ക്
വേഗതയേറിയ കപ്പലിൽ നിന്ന് മാറാൻ കഴിയാതെ ബോട്ടുകൾ ഇടിയേറ്റ് തകരുന്നു