കണ്ണൂർ: ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൃത്യം നടത്തുന്നതിനു മുൻപ് ഒത്തു ചേരുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തായി. കൊലപാതകം നടക്കുന്നതിന് 15 മിനിട്ട് മുൻപ് സംഭവസ്ഥലത്തിന് നൂറ് മീറ്റർ അകലെയാണ് പ്രതികൾ ഒത്തുചേർന്നത്. സി.പി. എം പ്രദേശിക നേതാവ് സന്ദീപും സംഘത്തിനൊപ്പമുള്ളതായി ദൃശ്യത്തിൽ നിന്നു തെളിഞ്ഞിട്ടുണ്ട്. പ്രതികൾ ഫോണിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൊലപാതകത്തിന്റെ ആസൂത്രണം വാട്സ് ആപ് സന്ദേശം വഴിയാണെന്ന് നേരത്തേ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പിടിയിലായ ഒന്നാംപ്രതി ഷിനോസിന്റെ ഫോണിൽ നിന്ന് ഇതുസംബന്ധിച്ച എല്ലാ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ദൃശ്യങ്ങൾ സമീപത്തെ ഇതര വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടിവിയിൽ നിന്നു ലഭിച്ചേക്കുമെന്ന നിഗമനത്തിലാണ് അന്വേഷകസംഘം. കേസിൽ നാലുപേരാണ് റിമാൻഡിലുള്ളത്. ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താമെന്ന് അഭിപ്രായം ഉയർന്നെങ്കിലും എല്ലാ പ്രതികളും പിടിയിലായശേഷം തെളിവെടുപ്പ് നടത്തിയാൽ മതിയെന്നാണ് പൊലീസിന്റെ നിലപാട്. ഇതിനിടെ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
ഒരു സി.പി.എം പ്രവർത്തകൻ കൂടി പിടിയിൽ
പാനൂർ: മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി. എം പ്രവർത്തകനായ പുല്ലൂക്കരയിലെ എലിക്കൊത്തന്റവിട ബിജേഷിനെ (26) പൊലീസ് പിടികൂടി. ഇയാൾ നിലവിൽ പ്രതിപ്പട്ടികയിലുള്ള ആളല്ല. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. പുല്ലൂക്കര സ്വദേശികളായ ഒതയോത്ത് അനീഷ് (35), നിള്ളയിൽ വീട്ടിൽ ശ്രീരാഗ് (25), നങ്ങാറത്ത് പീടികയിലെ അശ്വന്ത് (29)എന്നിവർ ഇന്നലെ റിമാൻഡിലായി. ഒന്നാം പ്രതി ഷിനോസിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷാണ് രണ്ടാം പ്രതി.