കണ്ണൂർ: രാജ്യസഭാ സീറ്റിലേക്ക് ആരെ പരിഗണക്കണമെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പരന്നുതുടങ്ങി. നിലവിൽ എം.പിയായ കെ.കെ. രാഗേഷിനെയും കെ. ശിവദാസനെയും പരിഗണിക്കും എന്നാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന സൂചന. രാഗേഷിന്റേത് ഉൾപ്പെടെയുള്ളവരുടെ കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളു. സി.പി.എമ്മിന് രണ്ട് സീറ്റാണ് അവകാശപ്പെട്ടത്. തെക്കൻ കേരളത്തിൽ ചെറിയാൻ ഫിലിപ്പിന്റെ പേരും പരിഗണനാ പട്ടികയിലുണ്ട്. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കൾ ഡോ. ടി.എൻ. സീമയെ പരിഗണിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. സി.പി.എമ്മിലെ ഗ്രൂപ്പ് സ്വാധീനം നോക്കിയായിരിക്കും അന്തിമ പട്ടിക പുറത്തിറങ്ങുക. പിണറായി വിജയന്റെ വിശ്വസ്തനും സംസ്ഥാന കമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക സംഘം ദേശീയ ഭാരവാഹിയുമായിരുന്ന കെ.കെ. രാഗേഷിന് ഒരു തവണ കൂടി അവസരം നൽകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എസ്.എഫ്.ഐ അഖിലേന്ത്യാ തലത്തിൽ പ്രവർത്തിച്ച കെ. ശിവദാസനും സാദ്ധ്യതയുള്ള മറ്റൊരു യുവ നേതാവാണ്. ശിവദാസന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാനം പുറത്താവുകയായിരുന്നു. നിലവിൽ വൈദ്യുതി വകുപ്പ് ബോർഡംഗമാണ് ഇദ്ദേഹം. അതിനിടെ അഖിലേന്ത്യ കിസാൻ സഭാ നേതാവും കർഷക സമരത്തിന്റെ മുന്നണി പോരാളിയായി ഉണ്ടായിരുന്ന വിജു കൃഷ്ണനെ പരിഗണിക്കമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ സ്വദേശിയായ വിജുകൃഷ്ണൻ ഡൽഹി രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന ആളാണ്. കേന്ദ്ര നേതൃത്വം നിർദ്ദേശം മുന്നോട്ട വച്ചാൽ കേരളത്തിൽ നിന്ന് ഒരാൾ തെറിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.