കണ്ണൂർ:കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ ജില്ലയിൽ ബാക്കിയുള്ളത് രണ്ട് ദിവസത്തേക്കുള്ള വാക്സിൻ.
നിലവിലുള്ള 37,000 ഡോസും പിന്നീട് ലഭിച്ച 11,500 ഡോസുമാണ് ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ കൈവശമുള്ളത്.വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ ജില്ലയിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.
ഇന്നത്തേയ്ക്കും നാളത്തേയ്ക്കും നിലവിലുള്ള വാക്സിൻ തികയുമെന്നും നിലവിൽ ക്ഷാമം ഇല്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.എന്നാൽ വാക്സിൻ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് ഏതാനും വാക്സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തിവച്ചിരുന്നു.
ഇത്തരം പ്രതിസന്ധികൾ ഇനിയും ഉണ്ടാകുമോയെന്ന ആശങ്കയാണ് നിലവിൽ.അടുത്ത ദിവസങ്ങളിലേക്കുള്ള വാക്സിൻ തീർന്നെന്നോ തരില്ലെന്നോ സർക്കാർ അറിയിച്ചിട്ടില്ല.വാക്സിൻ തീരുന്ന മുറയ്ക്ക് എത്തിക്കുകയാണ് പതിവ്.മിക്കവാറും വാക്സിൻ രാത്രി ഫ്ലൈറ്റിൽ ഇറക്കുകയാണ് ചെയ്യാറുള്ളതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ 45 വയസിന് മുകളിലുള്ള പരമാവധി ആളുകൾക്ക് ഒരു മാസത്തിനുള്ളിൽ കുത്തിവെപ്പ് എടുക്കുന്നതിനുള്ള കർമ്മ പദ്ധതിയുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോവുകയാണ്.ജില്ലയിലും രോഗബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിച്ചു വരുന്നതിനിടയിൽ ആവശ്യമായ വാക്‌സിൻ ജില്ലയിലെത്തിയില്ലെങ്കിൽ വലിയ ആശങ്കയ്ക്കിടയാക്കും.മാത്രമല്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന വാക്സിൻ ക്യാമ്പുകളെയും സാരമായി ബാധിക്കും.ഇത്തരം ക്യാമ്പുകളെ പ്രായമായവരുൾപ്പെടെ വലിയ തോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.
വാസ്കിൻ ക്ഷാമം കണക്കിലെടുത്ത് കേന്ദ്രത്തോട് കഴിഞ്ഞ ദിവസം തന്നെ കൂടുതൽ ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടതായി സംസ്ഥാനആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല മറുപടി ഉണ്ടായിട്ടില്ലെന്നാണ് വിവരം.