കണ്ണൂർ: തലശേരി, പാനൂർ മേഖലയിൽ സി.പി.എം വ്യാപക സംഘർഷത്തിന് തയാറെടുക്കുകയാണെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ പറഞ്ഞു.പാനൂരിൽ ഒരു ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പിന്നാലെ വ്യാപകമായി ബോംബ് ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തലശേരി നാലാംമൈലിൽ ബോംബ് ഉണ്ടാക്കുന്നതിനിടയിലുണ്ടായ സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ മാരിമുത്തുവെന്ന നിജീഷിന് ഗുരുതര പരിക്കേറ്റിരിക്കുന്നു. സംഘത്തിൽ നാലുപേരുണ്ടായതാണ് അറിയുന്നത്. സി.പി.എം പ്രവർത്തകനായ ബിജുവിന്റെ വീട്ടിൽ വച്ചാണ് പതിവായി ബോംബ് ഉണ്ടാക്കുന്നത്. ഈ സംഘങ്ങൾ നിരവധി അക്രമ – വധശ്രമ കേസുകളിൽ പ്രതികളായവരാണ്. ജാമ്യത്തിലിറങ്ങിയവരും ഈ സംഘത്തിലുണ്ട്. സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഉണ്ടാക്കുകയായിരുന്നു. സ്ഫോടനത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സിറ്റി കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കെ.കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു.