bomb

തലശ്ശേരി: കതിരൂർ നാലാം മൈലിൽ വീട്ടുപറമ്പിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയി.വെസ്റ്റ് പൊന്ന്യത്തെ പറമ്പത്ത് വീട്ടിൽ നിജേഷെന്ന മാരിമുത്തുവിന്റെ കൈപ്പത്തികളാണ് തകർന്നത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സംശയിക്കുന്നുണ്ട്.

സ്ഥലത്ത് ഡോഗ് സ്‌ക്വഡും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. നിജേഷിന്റെ അറ്റുപോയ കൈവിരലുകളും ബോംബിന്റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്ത് നിന്നു കണ്ടെടുത്തു. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. നിജേഷ് മരപ്പണിക്കാരനാണ്. സുഹൃത്തും ഫർണിച്ചർ കടയുടമയുമായ വിനുവിന്റെ വീട്ടിന്റെ കോമ്പൗണ്ടിനകത്ത് വച്ചാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ നിജേഷിനെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വീര്യം കുറഞ്ഞ പടക്കങ്ങളിലെ മരുന്ന് ഉപയോഗിച്ച് ശക്തമായ പടക്കം നിർമ്മിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നും ഇതിന് പലരും ദൃക്സാക്ഷികളാണെന്നും വീട്ടുകാർ പറയുന്നു. എന്നാൽ വിഷുവിന്റെ മറവിൽ ബോംബ് നിർമ്മാണമാണ് നടന്നതെന്ന ആക്ഷേപവുമുണ്ട്. സംഭവ സമയത്ത് മറ്റു രണ്ടു പേർ കൂടി നിജേഷിനൊപ്പമുണ്ടായിരുന്നതായും ഇവർ ഒളിവിൽ പോയതായും വിവരമുണ്ട്. വിനു കതിരൂർ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.

സംഭവസ്ഥലം സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ സന്ദർശിച്ചു. സമീപത്തെ കിണർ വറ്റിച്ച് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. തലശ്ശേരി എ.സി.പി. വി.സുരേഷ്‌ കതിരൂർ, എസ്.ഐ. എം.പി.രാജീവൻ, ഡോഗ് സ്‌ക്വാഡ് എസ്.ഐ. വി.ശശിധരൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ. മനോജ്, ഫോറൻസിക് ഉദ്യോഗസ്ഥ പി. ശ്രീജ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.